ഇന്ത്യ എ ടീമിനെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ ജയംലണ്ടന്‍: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിന് വമ്പന്‍ ജയം. 253 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 421 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 167 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം പങ്കിട്ട ജാമി പോര്‍ട്ടര്‍, സാം കുറാന്‍, ഡൊമിനിക് ബെസ്സ് എന്നിവരുടെ ബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്.രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നിര തുടക്കം മുതല്‍ തകര്‍ന്നടിയുകയായിരുന്നു. ഓപണര്‍മാരായ മുരളി വിജയിയും പൃഥി ഷായും അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങി. മധ്യനിരയില്‍ നായകന്‍ കരുണ്‍ നായരും (13) നിരാശപ്പെടുത്തിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. കരുണ്‍ മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 54 റണ്‍സ് എന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ നേരിയ ചെറുത്ത് നില്‍പ്പ് നടത്തിയ അജിന്‍ക്യ രഹാനെയും (48) റിഷഭ് പാന്തും (61) ചേര്‍ന്ന് വന്‍നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ജയന്ത് യാദവും (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ്  ഒന്നാം ഇന്നിങ്‌സില്‍ 423 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിച്ചു. 226 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്് രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 194 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് 421 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. ഇന്ത്യ - ഇംഗ്ലണ്ട് സീനിയര്‍ ടീം തമ്മിലുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ഒന്നിന് ആരംഭിക്കാനിരിക്കെ ആശങ്ക ഉയര്‍ത്തുന്ന പ്രകടനമാണ് ഇന്ത്യ എ ടീമിലെ പ്രമുഖ താരങ്ങള്‍ പുറത്തെടുത്തത്. ഓപണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുരളി വിജയ് രണ്ട് ഇന്നിങ്‌സുകളിലായി ആകെ നേടിയത് എട്ട് റണ്‍സ് മാത്രമാണ്. അതേ സമയം മധ്യനിരയില്‍ അജിന്‍ക്യ രഹാനെയും റിഷഭ് പാന്തും പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനം ഇന്ത്യക്ക്് പ്രതീക്ഷ നല്‍കുന്നതാണ്.

RELATED STORIES

Share it
Top