ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങരുത്: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു നിര്‍ത്തണമെന്ന അമേരിക്കന്‍ സമ്മര്‍ദ ഭീഷണിക്ക് ഇന്ത്യ വഴങ്ങരുതെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യവുമായുള്ള നമ്മുടെ ബന്ധത്തില്‍ മൂന്നാമതൊരു രാജ്യം തിട്ടൂരമിറക്കുന്നതു നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലാണ്. ഭീഷണിക്കു വഴങ്ങാത്ത രാജ്യങ്ങളെ നശിപ്പിച്ചു മേഖലയില്‍ സ്വേച്ഛാധിപത്യപരമായ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കമായി മാത്രമേ ഇറാനെതിരേയായ അമേരിക്കന്‍ ഇടപെടലിനെ കാണാനാവൂ.
അമേരിക്കയുടെ പുതിയ ഉത്തരവ് 135 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെ ചവിട്ടിത്താഴ്ത്തുന്നതാണ്. ഈ സമ്മര്‍ദം അതിജീവിക്കാന്‍ ആയില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഇടപെടലിന് അമേരിക്കയ്ക്കു വാതില്‍ തുറന്നിടുകയാവും ഫലമെന്നു യോഗം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.പ്രധാനമന്ത്രിയുടെ ജീവനു ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകളെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്ന ചില വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധമാണെന്നു യോഗം വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്കു ഭീഷണിയുണ്ടെന്നു പറയുന്നതിനു തെളിവുകളുണ്ടെങ്കില്‍ അതു ഗുരുതരമായ ദേശസുരക്ഷാ ഭീഷണിയാണ്. പോലിസും ഇന്റലിജന്‍സും അതു ഗൗരവത്തോടെ കൈകാര്യം ചെയ്യേതുണ്ട്്.
അതേസമയം, 2019ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണ തന്ത്രമാണിതെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ ചില വിഭാഗങ്ങളെ താറടിക്കാനും രാജ്യത്തെ വര്‍ഗീയ വിഭജനം ശക്തിപ്പെടുത്താനും ഇത്തരം സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനകത്തു നിന്നു പ്രവര്‍ത്തിക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജനകീയ മുന്നേറ്റമായ പോപുലര്‍ ഫ്രണ്ടിനെ രാഷ്ട്രീയക്കളികള്‍ക്കു ബലിയാടാക്കുകയാണെന്നു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സംഘടന നിരീക്ഷണത്തിലാണെന്ന റിപോര്‍ട്ടുകള്‍ക്ക് വ്യക്തത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും.
പരസ്യമായി എല്ലാവര്‍ക്കും കണ്ടനുഭവിക്കാവുന്ന വിധത്തിലാണു പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള പുതിയ ദുഷ്പ്രചാരണവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പരാജയപ്പെടുമെന്നു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുര്‍റഹ്മാന്‍, കെ എം ശരീഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top