ഇന്ത്യാ-ചൈനാ ഭായി ഭായി വീണ്ടും?

ഇന്ദ്രപ്രസ്ഥം -  നിരീക്ഷകന്‍
ചേരയെ തിന്നുന്ന നാടാണത്രേ ചൈന. സംഗതിയുടെ വാസ്തവം അറിയില്ല. ഏതായാലും ചൈനയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ആ നാടിന്റെ പ്രകൃതിസൗന്ദര്യവും വിഭവങ്ങളും ആവോളം ആസ്വദിക്കുകയാണ്.
മോദിയാശാന്‍ ചൈനീസ് ചായ മോന്തിക്കുടിച്ചതും വുഹാനിലെ തടാകത്തില്‍ ഒരു മണിക്കൂറിലേറെ ഉല്ലാസബോട്ടില്‍ യാത്ര ചെയ്തതും ഒക്കെയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
ചൈനയില്‍ മോദിയാശാന്‍ നടത്തിയത് പുതിയൊരുതരം നയതന്ത്ര പരീക്ഷണമാണ് എന്നാണു പലരും പറയുന്നത്. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ ഒന്നിച്ചുചേരുമ്പോള്‍ കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍ നടത്തുന്നത്. അതിന് ഒരു വന്‍പട ഔദ്യോഗിക അനുചരന്‍മാരും കാണും.
ഇത്തവണ പക്ഷേ, അജണ്ടയും അനുചരന്‍മാരും വേണ്ടെന്നുവച്ച് രണ്ടു നേതാക്കളും നേര്‍ക്കുനേര്‍ ഹൃദയം തുറക്കുകയാണെന്നാണു മാധ്യമങ്ങള്‍ പറയുന്നത്. അത് എത്രത്തോളം ഫലപ്രദമാവുമെന്നു കണ്ടുതന്നെ അറിയണം. കാരണം, ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ എത്രയോ ചിരപുരാതനമാണ് എന്നപോലെത്തന്നെയാണ് രണ്ടു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും. ഒരിക്കല്‍ അത് നേരിട്ടൊരു യുദ്ധത്തില്‍ എത്തി. യുദ്ധം കഴിഞ്ഞതോടെ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ പണി തെറിച്ചു. അന്നു പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനും കനത്ത ആഘാതമായിരുന്നു ചൈനയില്‍ നിന്നു വന്ന ആക്രമണം. കാരണം, ചൈനയെ പ്രതിരോധിച്ചുനിര്‍ത്തുന്നതില്‍ രാജ്യം ഗംഭീരമായി പരാജയപ്പെടുകയായിരുന്നു. അരുണാചല്‍പ്രദേശിലും മറ്റു പല പ്രദേശങ്ങളിലും ചൈനീസ് സേന വമ്പിച്ച മുന്നേറ്റമാണ് അന്നു നടത്തിയത്. അവസാനം അവര്‍ സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ചൈനയുടെ മുമ്പില്‍ ഇന്ത്യയുടെ ദൗര്‍ബല്യം ലോകത്തിനു കാണിച്ചുകൊടുത്ത സംഭവമായിരുന്നു 1964ലെ ഏറ്റുമുട്ടല്‍. ആ സംഭവം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനകം നെഹ്‌റു മരിച്ചു. അദ്ദേഹം അത്രമാത്രം തളര്‍ന്നുപോയിരുന്നു എന്ന് പല ജീവചരിത്രകാരന്‍മാരും എഴുതിയിട്ടുണ്ട്.
അതു കഴിഞ്ഞിട്ട് ഇപ്പോള്‍ അരനൂറ്റാണ്ടില്‍ അധികമായി. രണ്ടു രാജ്യങ്ങളും വലിയ പുരോഗതി കൈവരിച്ചു. ഒന്നൊന്നര പതിറ്റാണ്ടായി ലോകത്തെ ഏറ്റവും കുതിപ്പുള്ള സാമ്പത്തിക ശക്തിയാണു ചൈന. അമേരിക്കയ്ക്കുപോലും ചൈനയെ ഭയമാണ്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനയുടെ മൂക്കിന് ഇടിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ കമ്പോളം അടക്കിഭരിക്കുന്നത് ചൈനയാണ് എന്ന് ട്രംപ് പരാതി പറയുന്നു. ചൈനീസ് ഇറക്കുമതികള്‍ക്ക് വമ്പിച്ച ചുങ്കം ചുമത്താനാണ് ട്രംപിന്റെ പരിപാടി.
അതു തല്‍ക്കാലം ചൈനയ്ക്ക് പ്രയാസമുണ്ടാക്കും. അവരുടെ ഉല്‍പന്നങ്ങളുടെ മുഖ്യ കമ്പോളങ്ങളില്‍ ഒന്ന് അമേരിക്കയാണ്. പക്ഷേ, ചൈനയ്ക്കു വേറെ കമ്പോളങ്ങള്‍ കണ്ടെത്താന്‍ കഴിയും. കാരണം, ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ കഴിയുന്നു എന്നതാണ് അവരുടെ ഗുണം. അതിനാല്‍ പുതിയ കമ്പോളങ്ങള്‍ തേടിയാണ് അവരുടെ യാത്ര.
അതിന് ഏഷ്യയില്‍ പുതിയ സഖ്യങ്ങള്‍ വേണമെന്നു ചൈന കരുതുന്നു. ഇന്ത്യ 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യമാണ്. ചൈനയും ഇന്ത്യയും തമ്മിലുള്ള സഹകരണം രണ്ടു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. അതിനാല്‍ വുഹാനിലെ ചര്‍ച്ചകള്‍ പ്രധാനമാണ്. അമേരിക്കയുടെ ഭീഷണിയെ നേരിടാന്‍ മറ്റു രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം എന്ന തോന്നല്‍ വര്‍ധിച്ചുവരുന്നുണ്ട്. അമേരിക്കയെ വിശ്വസിക്കാന്‍കൊള്ളാത്ത രാജ്യമായാണ് ഇപ്പോള്‍ സഖ്യരാജ്യങ്ങള്‍പോലും കരുതുന്നത്. അടുപ്പക്കാരായ ജപ്പാനും കാനഡയും പോലും അമേരിക്കയുടെ കടുത്ത ചുങ്കം കാരണം കുഴപ്പത്തിലായിരിക്കുന്നു. പഴയ ഷൈലോക്കിന്റെ രീതിയിലാണ് അമേരിക്കയുടെ ഇടപെടല്‍.
ലോകരംഗത്ത് വലിയ മാറ്റങ്ങള്‍ വരുകയാണ്. ഇത്രയും കാലം ഒരുഭാഗത്ത് അമേരിക്കയും സഖ്യകക്ഷികളും. മറുഭാഗത്ത് റഷ്യയും ചൈനയും അടക്കമുള്ള മറ്റു രാജ്യങ്ങളും അവരോടു സഹകരിക്കുന്ന രാജ്യങ്ങളും എന്ന അവസ്ഥയായിരുന്നു. റഷ്യ ഇപ്പോള്‍ കൂടുതല്‍ ഒറ്റപ്പെട്ട നിലയിലാണ്. പഴയ സോവിയറ്റ് യൂനിയന്റെ ശക്തി അവര്‍ക്ക് ഇന്നില്ല. പകരം ലോകരംഗത്ത് ഉയര്‍ന്നുവരുന്നത് ചൈനയാണ്.
അതിനാല്‍ ചൈന പ്രധാനമാണ്. അതുകൊണ്ടാണ് ഹൃദയബന്ധം സ്ഥാപിക്കാനായി മോദിജി അങ്ങോട്ടു പുറപ്പെട്ടത്. അത് എത്രത്തോളം വിജയിച്ചു എന്നു നിശ്ചയമില്ല. ഏതായാലും അടുത്ത വര്‍ഷം ഷി ജിന്‍ പെങിനെ ഇന്ത്യയിലേക്കു ക്ഷണിച്ചിരിക്കുകയാണു പ്രധാനമന്ത്രി.
ഇന്ത്യയും ചൈനയും കൈകോര്‍ത്തുനിന്നാല്‍ അത് ലോകരംഗത്ത് ഒരു മഹാസംഭവമായിരിക്കും എന്നു തീര്‍ച്ചയാണ്. ഏതാണ്ട് 300 കോടി ജനങ്ങളാണ് രണ്ടു രാജ്യങ്ങളിലുമായി ജീവിക്കുന്നത് എന്ന് ഓര്‍ക്കുക.                        ി

RELATED STORIES

Share it
Top