ഇന്ത്യയും സ്‌പെയിനും ഏഴ് കരാറുകളില്‍ ഒപ്പുവച്ചുന്യൂഡല്‍ഹി/മാഡ്രിഡ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയിനുമായി ഏഴു കരാറില്‍ ഒപ്പുവച്ചു. മോങ്കോള കൊട്ടാരത്തില്‍ വച്ച് സ്പാനിഷ് പ്രസിഡന്റ് മറിയാനോ റജോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്. മറിയാനോ റജോയുമായി നരേന്ദ്രമോദി നടത്തിയ ദീര്‍ഘനേര സംഭാഷണത്തിനൊടുവിലാണ് കരാറില്‍ ഒപ്പുവച്ചത്. ആറുദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ പര്യടനത്തിന്റെ രണ്ടാംഘട്ടത്തിലാണ് മോദി സ്‌പെയിന്‍ സന്ദര്‍ശിച്ചത്.സൈബര്‍ സുരക്ഷയിലെ സഹകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജവുമായി ബന്ധപ്പെട്ട സഹകരണം എന്നിവയാണ് ധാരണാ പത്രത്തിലെ പ്രധാന കരാറുകള്‍. സൈനികേതര വിമാനയന്ത്രം പരിചയിക്കലിലെ സഹകരണം, സ്‌പെയിന്‍ നയതന്ത്ര പരിശീലന സ്ഥാപനവുമായുള്ള ഇന്ത്യന്‍ വിദേശ സേവന സ്ഥാപനവുമായുള്ള സഹകരണം എന്നിവയില്‍ മൂന്ന് കരാറിലും മോദി ഒപ്പുവച്ചു. കൂടാതെ കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനായും നയതന്ത്ര പ്രതിനിധികള്‍ക്ക് വിസ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കരാറിലും ഒപ്പുവച്ചു.1988ല്‍ രാജീവ് ഗാന്ധി സ്‌പെയിന്‍ സന്ദര്‍ശിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. സ്പാനിഷ് പ്രസിഡന്റ് മറിയാനോ റജോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്രമോദി സ്‌പെയിന്‍ രാജാവ് ഫെലിപ് ആറാമനുമായി കൂടിക്കാഴ്ച നടത്തി. മാഡ്രിഡിലെ പലസിയോ സിലാ സര്‍സ്വല്ല കൊട്ടാരത്തില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാഗ്‌ലേയാണ് മോദി സ്‌പെയിന്‍ രാജാവിനെ സന്ദര്‍ശിച്ച കാര്യം ചിത്രം സഹിതം ട്വിറ്ററിലൂടെ അറിയിച്ചത്. തീവ്രവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ സ്‌പെയിനുമായി സഹകരണം വേണമെന്ന് മോദി സന്ദര്‍ശനവേളയില്‍ സ്പാനിഷ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. രണ്ടു രാജ്യങ്ങളും സുരക്ഷാ കാര്യത്തില്‍ സഹകരിക്കേണ്ടത് ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ വികസനമാണ് ലക്ഷ്യം അതിന്റെ ഭാഗമാണ് തന്റെ യൂറോപ്യന്‍ പര്യടനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.സ്‌പെയിന്‍ സന്ദര്‍ശനത്തിനു ശേഷം നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് പോവും. ഇന്ത്യാ-റഷ്യാ 18ാമത് വാര്‍ഷിക ഉന്നതതല സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചേര്‍ന്ന് പങ്കെടുക്കും. തുടര്‍ന്ന് ജൂണ്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ പാരീസ് സന്ദര്‍ശിക്കും. സന്ദര്‍ശനത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും.

RELATED STORIES

Share it
Top