ഇന്ത്യയും റഷ്യയും എട്ടു കരാറുകളില്‍ ഒപ്പുവച്ചു; 543 കോടി ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങും

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് 543 കോടി ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) അഞ്ച് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങും. ഇതുസംബന്ധിച്ച കരാര്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിനിടെ ഒപ്പുവച്ചു. ഇതു കൂടാതെ പ്രതിരോധം, ആണവോര്‍ജം, ബഹിരാകാശം, സാമ്പത്തികം, റെയില്‍വേ, ഗതാഗതം, ചെറുകിട-ഇടത്തരം വാണിജ്യം, രാസവളം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട എട്ടു കരാറുകളും ഒപ്പുവച്ചു.
ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കരാര്‍ ഒപ്പുവച്ചത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യ റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത്. 2020ഓടെ സംവിധാനം ഇന്ത്യക്കു കൈമാറും. രണ്ടു ദിവസത്തെ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി വ്യാഴാഴ്ചയാണ് പുടിന്‍ ഡല്‍ഹിയിലെത്തിയത്. റഷ്യക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന് തടസ്സമുണ്ടായിരുന്നു. അത് അവഗണിച്ചാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
റഷ്യയെ ശിക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധമെന്നും അത് തങ്ങളുടെ സൗഹൃദരാഷ്ട്രങ്ങളുടെ ആയുധശേഷി ഇല്ലാതാക്കാനുള്ളതല്ലെന്നും കരാര്‍ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കന്‍ എംബസി പ്രതികരിച്ചു. 2025ഓടെ ഇന്ത്യ-റഷ്യ വാണിജ്യം 3000 കോടി ഡോളറാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ഉച്ചകോടിയില്‍ സംസാരിക്കവെ പുടിന്‍ പറഞ്ഞു. ഊര്‍ജമേഖലയില്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്. എണ്ണ, പാചകവാതക വിതരണം തുടങ്ങിയവ അതിലുണ്ടാകും. കൂടംകുളത്ത് 5, 6 ആണവ റിയാക്റ്ററുകള്‍ നിര്‍മിക്കും. ഇന്ത്യയുടെ വിശേഷപ്പെട്ട നയതന്ത്രപങ്കാളിയാണ് റഷ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

എസ്-400 ട്രയംഫ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് 2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗമാണ്. റഷ്യന്‍ കമ്പനിഅല്‍മാസ്-ആന്റേയ് നിര്‍മിച്ച ഈ സംവിധാനം പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഉപയോഗിക്കാം. കരയില്‍ നിന്ന് ആകാശത്തിലേക്കു തൊടുക്കാവുന്ന ഇവയ്ക്ക് പുതുതലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളെ പോലും തകര്‍ക്കാനുള്ള ശേഷിയുണ്ട്. 250 മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിയും.

RELATED STORIES

Share it
Top