ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല

ന്യൂഡല്‍ഹി: വിദേശ അഭിഭാഷകര്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ നിയമ രംഗത്ത് പ്രാക്ടീസ് ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി. എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ കക്ഷികള്‍ക്ക് താല്‍ക്കാലിക രീതിയില്‍ നിയമ സഹായം ലഭ്യമാക്കുന്ന ഫ്‌ളൈ ഇന്‍ ഫ്‌ളൈ ഔട്ട് വ്യവസ്ഥയില്‍ ഉപദേശം നല്‍കാന്‍ ഇവര്‍ക്കാവുമെന്നും മദ്രാസ് ഹൈക്കോടതിയുടെ മുന്‍ വിധി ഭേദഗതി ചെയ്ത് സുപ്രിംകോടതി വ്യക്തമാക്കി.
ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യക്തമാക്കി നിയമനിര്‍മാണം നടത്തണമെന്നും സുപ്രിം കോടതി കേന്ദ്ര സര്‍ക്കാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരോട് നിര്‍ദേശിച്ചു.
അന്താരാഷ്ട്ര നിയമ തര്‍ക്കങ്ങള്‍, തീരദേശ നിയമങ്ങള്‍ എന്നിവയില്‍ ഫ്‌ളൈ ഇന്‍ ഫ്‌ളൈ ഔട്ട് വ്യവസ്ഥ പാലിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുഎസ്എ, യുകെ, ഫ്രാന്‍സ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ 30 നിയമ സ്ഥാപനങ്ങള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ നിയമ സഹായ സംഘങ്ങള്‍ ഇന്ത്യയിലെ നിയമ രംഗത്തെ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഇതോടൊപ്പം, അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങളിലടക്കം വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന നിയമ നടപടികളില്‍ ഇടപെടാനുള്ള അവകാശം നിലവിലില്ലെന്ന് സുപ്രിംകോടതി പുതിയ ഉത്തരവില്‍ വ്യക്തമാക്കി.
എന്നാല്‍, അഭിഭാഷക നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ഉപദേശം നല്‍കുന്നതില്‍ വിലക്കില്ലെന്നും  കോടതി വ്യക്തമാക്കി.
ഇവര്‍ക്ക് ഇന്ത്യയിലെ അഭിഭാഷക നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണെന്നും കോടതി വിലയിരുത്തി.

RELATED STORIES

Share it
Top