ഇന്ത്യയില്‍ അഭയംതേടിയ ഏഴ് റോഹിന്‍ഗ്യരെ പുറത്താക്കി

കെ എ സലിം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയംതേടിയ ഏഴു റോഹിന്‍ഗ്യന്‍ വംശജരെ മ്യാന്‍മറിലേക്കു തിരിച്ചയച്ചു. മ്യാന്‍മറിലെ റഖൈന്‍ മേഖലയിലുള്ള മുഹമ്മദ് ജമാല്‍, മുഹിബ്ബുല്‍ ഖാന്‍, ജമാല്‍ ഹുസൈന്‍, മുഹമ്മദ് യൂനുസ്, സാബിര്‍ അഹമ്മദ്, റഹീമുദ്ദീന്‍, മുഹമ്മദ് സലാം എന്നിവരെ ഇന്നലെ അസം പോലിസ് മണിപ്പൂരിലെ അതിര്‍ത്തിയില്‍ മ്യാന്‍മര്‍ സൈന്യത്തിനു കൈമാറുകയായിരുന്നു.
ഏഴുപേരുടെയും പ്രായം 26നും 30നും ഇടയിലാണ്. മ്യാന്‍മര്‍ സൈന്യത്തിന്റെ പിന്തുണയോടെ ബുദ്ധമതസ്ഥര്‍ നടത്തുന്ന വംശഹത്യയില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയംതേടിയതായിരുന്നു ഏഴുപേരും. അസം പോലിസിന്റെ പെരുമാറ്റത്തിന് നന്ദി അറിയിച്ചാണ് ഏഴുപേരും ഇന്ത്യന്‍ അതിര്‍ത്തി കടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു.
ഇവരെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയതോടെയാണ് ഏഴുപേരെയും കൈമാറിയത്. ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ തന്നെ ഇവരെ പുറത്താക്കാനുള്ള നടപടികള്‍ കഴിഞ്ഞദിവസം അസം പോലിസ് തുടങ്ങിയിരുന്നു. ഇവര്‍ക്കു വേണ്ടി ഇന്ത്യയിലെ യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ തിരിച്ചറിയല്‍ രേഖയുള്ള മുഹമ്മദ് സലീമുല്ല നല്‍കിയ ഹരജിയാണ് ഇന്നലെ തള്ളിയത്. 2012ല്‍ അതിര്‍ത്തി കടക്കുന്നതിനിടെ അസം പോലിസിന്റെ പിടിയിലായ ഏഴുപേരും സില്‍ചാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഏഴുപേരുടെയും പൗരത്വം സംബന്ധിച്ച രേഖകള്‍ മ്യാന്‍മര്‍ അധികൃതര്‍ക്ക് അയച്ച് ഉറപ്പുവരുത്തിയശേഷമാണ് തിരിച്ചയച്ചതെന്ന് അസം പോലിസ് ഉപമേധാവി ഭാസ്‌കര്‍ ജെ മഹന്ത അറിയിച്ചു.
മ്യാന്‍മറിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം റോഹിന്‍ഗ്യരുടെ പുനരധിവാസത്തിന് യോജിച്ചതല്ലെന്നും സ്ഥിതിഗതികള്‍ സാധാരണനില കൈവരുന്നതു വരെ ഏഴുപേരെയും കൈമാറുന്നത് നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഏഴുപേരെയും പൗരന്‍മാരായി മ്യാന്‍മര്‍ അംഗീകരിച്ചിട്ടുണ്ടെന്നും പിന്നെ എന്തിന് അവര്‍ ഇവിടെ കഴിയണമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍, അതു തെറ്റാണെന്നും അവരെ അംഗീകരിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇന്ത്യയിലെ 40,000ഓളം റോഹിന്‍ഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്യുന്ന ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയുണ്ട്. ഈ കേസ് പിന്നീട് പരിഗണിക്കും. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് അഭയംതേടിയെത്തിയ റോഹിന്‍ഗ്യരെ പുറത്താക്കുന്നത്. ഇന്ത്യയുടെ നീക്കത്തിനെതിരേ കഴിഞ്ഞദിവസം കടുത്ത ഭാഷയില്‍ യുഎന്‍ പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top