ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക് നയതന്ത്ര പ്രതിനിധികള്‍ ഡല്‍ഹിയില്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചത്. വിഷയത്തില്‍ വിശദാംശങ്ങള്‍ നേരിട്ടു ചോദിച്ചറിയുന്നതിനാണ് നടപടിയെന്നു കരുതുന്നു.
അതേസമയം, ഇതൊരു സാധാരണ സംഭവമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്. നയതന്ത്ര പ്രതിനിധികള്‍ അപമാനിക്കപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിപ്പിക്കുമെന്നും വക്താവ് പറഞ്ഞു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പാകിസ്താനില്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, അതൊന്നും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറില്ല. തങ്ങള്‍ ഇതിനെ നയതന്ത്രപരമായാണ് കൈകാര്യം ചെയ്യാറെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഡല്‍ഹിയിലെ ചാണക്യപുരിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. കൂടാതെ സ്‌കൂളിലേക്കു പോയ കമ്മീഷണറുടെ കുട്ടികളെ തടഞ്ഞുനിര്‍ത്തുകയും കുട്ടികളുമായി പോയ വാഹനത്തിന്റെ ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതെന്ന് പാകിസ്താന്‍ അറിയിച്ചു. എന്നാല്‍, പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.

RELATED STORIES

Share it
Top