ഇന്ത്യന്‍ സൈനികനെ കഴുത്തറുത്ത് കൊന്നു

ജമ്മു: അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാക് സൈനികര്‍ ബിഎസ്എഫ് ജവാനെ വെടിവച്ചുകൊന്നശേഷം കഴുത്തറുത്തതായി റിപോര്‍ട്ട്. കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാംഗാര്‍ഹ് പ്രവിശ്യയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ച പാടുമുണ്ട്. സംഭവമറിഞ്ഞ് ആറു മണിക്കൂറിനുശേഷവും പാകിസ്താന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ക്രൂരതയെ ഗൗരവമായാണു കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മിലിറ്ററി ഓപറേഷനല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അതിര്‍ത്തിക്കു സമീപത്തെ കാട് വെട്ടിത്തെളിക്കാന്‍ എത്തിയ ബിഎസ്എഫ് സംഘത്തിനു നേരെ ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ വെടിവയ്പ് നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നരേന്ദര്‍ കുമാറിനെ കാണാതായത്.

RELATED STORIES

Share it
Top