ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച തെറ്റായ ദിശയില്‍: അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: 2014നുശേഷം ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയിലുണ്ടായ വളര്‍ച്ച തെറ്റായ ദിശയിലാണെന്ന് സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. രാജ്യത്തെ സാമ്പത്തികവ്യവസ്ഥ ഉയര്‍ച്ച പ്രാപിച്ചിട്ടുണ്ട്. എന്നാലിത് തെറ്റായ ദിശയിലാണെന്നു മാത്രം.
ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗങ്ങളെ വളര്‍ച്ചയുടെ ഭാഗമാക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. 20 വര്‍ഷം മുമ്പുള്ള കണക്കുപ്രകാരം, മേഖലയിലെ പ്രധാന രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയില്‍ ഇന്ത്യയായിരുന്നു വളര്‍ച്ചാനിരക്കില്‍ രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്നത്. ശ്രീലങ്ക മാത്രമായിരുന്നു ഇന്ത്യയേക്കാള്‍ മുന്നില്‍. എന്നാല്‍ ഇന്ന് പാകിസ്താന്‍ മാത്രമാണ് ഇന്ത്യയുടെ പിറകിലുള്ളത്. പിറകില്‍ നിന്ന് രണ്ടാംസ്ഥാനത്താണ് നമ്മുടെ രാജ്യമെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അമര്‍ത്യാസെന്‍ പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസെയുമായി ചേര്‍ന്നു രചിച്ച ഏന്‍ അണ്‍സെര്‍ട്ടൈന്‍ ഗ്ലോറി: ഇന്ത്യ ആന്റ് ഇറ്റ്‌സ് കോണ്‍ട്രഡിക്ഷന്‍സ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന അസമത്വം, രൂക്ഷമാവുന്ന ജാതിവ്യവസ്ഥ, പിന്നാക്കവിഭാഗങ്ങള്‍ക്കു നേരെയുള്ള അവഗണന തുടങ്ങിയ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇപ്പോഴും കൈകൊണ്ട് നേരിട്ട് തോട്ടിപ്പണിയെടുക്കുന്നവരും അഴുക്കുചാല്‍ വൃത്തിയാക്കുന്നവരും രാജ്യത്തുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം അവഗണിക്കുന്നു. അടുത്ത നേരത്തെ ഭക്ഷണത്തെക്കുറിച്ചു പോലും ഉറപ്പില്ലാത്തവിധത്തിലാണ് രാജ്യത്തെ ദലിതുകളുടെ ജീവിതം. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുങ്ങിയവയെക്കുറിച്ച് ഇത്തരക്കാര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പുതുതായി തുടങ്ങിയ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി വന്‍ തട്ടിപ്പാണെന്ന് ജീന്‍ ഡ്രെസെ പറഞ്ഞു. രാജ്യത്തെ 50 കോടിയിലധികം ആളുകള്‍ക്ക് ഗുണകരമാവുമെന്നു പറഞ്ഞ് നടപ്പാക്കിയ പദ്ധതി വന്‍ തട്ടിപ്പാണ്. പദ്ധതിക്കായി ബജറ്റില്‍ 2000 കോടി മാത്രമാണ് നീക്കിവച്ചത്. ഇതു ചെലവഴിക്കുകയാണെങ്കില്‍ തന്നെ ഓരോരുത്തര്‍ക്കും 20 രൂപയില്‍ താഴെ എന്ന നിരക്കിലാണ് ലഭിക്കുക- ജീന്‍ ഡ്രെസെ പറഞ്ഞു.

RELATED STORIES

Share it
Top