ഇന്ത്യന്‍ സാംസ്‌കാരികോല്‍സവം 14നും 15നും

ദോഹ: ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയും സഹകരണത്തോടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിക്കുന്ന 'എ പാസേജ് ടു ഇന്ത്യ' സാംസ്‌കാരികോല്‍സവം 14, 15 തീയതികളില്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം(മിയ) പാര്‍ക്കില്‍ നടക്കും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും പാസേജ് ടു ഇന്ത്യ. ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനാണ് ഇത്തവണ നടക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ, ഐസിസി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.
14ന് വൈകിട്ട് 6നാണ് ഉദ്ഘാടനം. തുടര്‍ന്നു 15ന് വൈകീട്ടു പത്തു വരെയാണു പ്രദര്‍ശനം. ഇന്ത്യന്‍ റയില്‍വേ, മംഗള്‍യാന്‍ എന്നിവയാകും ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയെന്ന് ഗിരീഷ്‌കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കത്താറയില്‍ 10 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച 'ഇന്ത്യാ ഗേറ്റ്' മാതൃക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനെ മറികടക്കും വിധത്തില്‍ ഇന്ത്യന്‍ റയില്‍വേ എന്‍ജിന്‍ മാതൃകയാണ് ഇത്തവണ ഒരുക്കുന്നത്. ഭക്ഷ്യസ്റ്റാളുകള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പവലിയനുകള്‍ ഉണ്ടാകും. ഐസിസിയുടെ കീഴിലുള്ള വിവിധ സംഘടനകളും കമ്പനികളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. ഇത്തവണ കലാപരിപാടി അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത നാടോടി നൃത്തസംഘം എത്തും.
പ്രമുഖ രാജസ്ഥാനി കലാകാരന്‍ സുപ്കിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം കല്‍വേലിയ നാടോടി നൃത്തം അവതരിപ്പിക്കും. ഐസിസി സംഘടനകളും വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിക്കും.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും വിവിധ മേഖലകളിലുള്ള വളര്‍ച്ചയും ചിത്രീകരിക്കുന്നതിനാണു പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നതെന്ന് അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷിക ദിനത്തിലാണ് സാംസ്‌കാരികോല്‍സവം തുടങ്ങുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അംബേദ്കറെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുമുള്ള പവലിയന്‍ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രുചിവൈവിധ്യം വ്യക്തമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ജ്വല്ലറി, തുണിത്തരങ്ങള്‍, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവയാണ് സ്റ്റാളുകളിലുണ്ടാകുക. ഖത്തറിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശെയ്ഖ അല്‍മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിങ്, എംബസി സെക്കന്‍ഡ് സെക്രട്ടറി സുനില്‍ തപിയാല്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു. 2013 നവംബര്‍ 28, 29 തീയതികളില്‍ മിയയിലും 2015 മാര്‍ച്ച് 19, 20 തീയതികളില്‍ കത്താറയിലുമാണു ആദ്യ രണ്ട് എഡിഷനുകള്‍ നടന്നത്.

RELATED STORIES

Share it
Top