ഇന്ത്യന്‍ വ്യോമമേഖലയില്‍ പാക് കോപ്റ്റര്‍

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് പാകിസ്താന്‍ ഹെലികോപ്റ്റര്‍ അതിക്രമിച്ചുകടന്നു. കോപ്റ്റര്‍ വെടിവെച്ചിടാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്താനും അംഗീകരിച്ച ചട്ടങ്ങള്‍ പ്രകാരം നിയന്ത്രണരേഖയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വരെയാണ് കോപ്റ്ററുകള്‍ക്ക് പറക്കാനുള്ള പരിധി. എന്നാല്‍, ഈ പരിധിയും ലംഘിച്ച് നിയന്ത്രണരേഖ മുറിച്ചുകടന്ന് പാക് കോപ്റ്റര്‍ പൂഞ്ച് മേഖലയില്‍ എത്തുകയായിരുന്നു. കോപ്റ്റര്‍ പൂഞ്ചിലെ കുന്നിന്‍ പ്രദേശത്തിനു മുകളിലൂടെ പറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.13നാണ് ഹെലികോപ്റ്റര്‍ ദൃശ്യങ്ങളില്‍ പതിഞ്ഞത്. അധികം വൈകാതെ ഈ ഹെലികോപ്റ്റര്‍ തിരിച്ചുപോവുകയും ചെയ്തു. വെടിവച്ചിടാന്‍ ശ്രമിച്ചപ്പോഴാണ് കോപ്റ്റര്‍ തിരിച്ചുപോയത്. ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത് മനഃപൂര്‍വമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ പാക് ഹെലികോപ്റ്റര്‍ അതിര്‍ത്തി നിയന്ത്രണരേഖ ഭേദിച്ച് 300 മീറ്ററോളം ദൂരം പറന്നിരുന്നു.

RELATED STORIES

Share it
Top