ഇന്ത്യന്‍ വംശജന്റെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി യുഎസില്‍ കാര്‍ബണ്‍ഡെയിലില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഇല്യുനോയിസിലെ ഗേജ് ബെതുനിയാണ് അറസ്റ്റിലായത്. 2014ലാണ് ഇന്ത്യന്‍ വംശജനായ ഇല്യുനോയി സര്‍വകലാശാല വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിനെ കാണാതായത്. കാണാതായി അഞ്ചു ദിവസത്തിനു ശേഷം പ്രവീണിന്റെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നു കണ്ടെത്തുകയായിരുന്നു. പ്രവീണിന്റേത് സാധാരണ മരണമാണെന്നു കാര്‍ബണ്‍ഡെയില്‍ പോലിസ് അധികൃതര്‍ ആദ്യം ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. കാര്‍ബണ്‍ഡെയിലിനെതിരേയും അവിടത്തെ പോലിസ് മേധാവിക്കെതിരേയും പ്രവീണിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കി. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 2014 ഫെബ്രുവരി 12ന് പ്രവീണും ബെതുനിയും ഒരു പാര്‍ട്ടി കഴിഞ്ഞ് ഒരുമിച്ചു ബൈക്കില്‍ പോവുകയായിരുന്നു. പോവുന്ന വഴി പണത്തിനു വേണ്ടിയാണ് ബെതുനി പ്രവീണുമായി വാക്കേറ്റമുണ്ടാക്കിയതെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇയാള്‍ പ്രവീണിനെ മുഖത്തും തലയിലും അടിച്ചു. അടികൊണ്ട പ്രവീണ്‍ പ്രാണരക്ഷാര്‍ഥം കാട്ടിലേക്ക് ഓടുകയായിരുന്നു. ഇവിടെ വച്ചാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ പ്രവീണ്‍ മരിച്ചതായാണ് കണ്ടെത്തിയത്.

RELATED STORIES

Share it
Top