ഇന്ത്യന്‍ മുസ്‌ലിംകള്‍ കര്‍മമാതൃക സ്വയം രൂപപ്പെടുത്തണം : കെ. എം ശരീഫ്

k m3


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാന്‍ കെ. എം. ശരീഫുമായി
തേജസ് പ്രതിനിധി നടത്തിയ അഭിമുഖം


പോപുലര്‍ ഫ്രണ്ട് ദേശീയ പ്രാതിനിധ്യമുള്ള സംഘടനയായി വളരാന്‍ ഇനിയും എത്ര കാലമെടുക്കും?


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആന്തരിക ജനാധിപത്യമുള്ള സംഘടനയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാഷനല്‍ ജനറല്‍ അസംബ്ലി പ്രതിനിധികളാണ് കേന്ദ്രസമിതിയെ തിരഞ്ഞെടുക്കുന്നത്. ജനാധിപത്യപരമായരീതിയില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ 15 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. പ്രാപ്തരായ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശ്രദ്ധിക്കാറുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രാതിനിധ്യമുള്ള സംഘടനയായി ഇനിയും പോപുലര്‍ ഫ്രണ്ട് വളരേണ്ടതുണ്ട്. സംഘടന വളര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. തെക്കേ ഇന്ത്യയില്‍ നടക്കുന്നതുപോലെ എല്ലാ പ്രോഗ്രാമുകളും പ്രക്ഷോഭങ്ങളും വടക്കന്‍ സ്‌റ്റേറ്റുകളിലും നടക്കുന്നുണ്ട്. അതിനുള്ള ജനശക്തി സംഘടനയ്ക്ക് അവിടെയുണ്ട്. നമുക്ക് ഒരു ഇന്ത്യയേയുള്ളൂ: തെക്കുവടക്ക് എന്ന വ്യത്യാസമില്ലാത്ത ഒരിന്ത്യ. വിശദാംശങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ സമാനമാണ്.


ഈയിടെ വ്യാപകമായി നടത്തിയ ഏരിയാതല ബഹുജനസംഗമങ്ങള്‍ ഗ്രാമോല്‍സവങ്ങളായി സ്വീകരിക്കപ്പെടുകയുണ്ടായി. ഫാഷിസ്റ്റ് പ്രതിരോധവും മനുഷ്യാവകാശ സംരക്ഷണവുമായി രംഗത്തുവന്ന സംഘടന വഴിമാറുകയാണോ?
ഇപ്പോഴും ഞങ്ങള്‍ ഒരു ജനകീയ പ്രതിരോധ മുന്നേറ്റം തന്നെയാണ്. ഫാഷിസത്തോടും സാമ്രാജ്യത്വത്തോടുമുള്ള പ്രതിരോധം എന്നുമുണ്ടാവും. അവയെ എതിര്‍ത്തുകൊണ്ടേയിരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ഇന്ത്യയുടെ സൗഹാര്‍ദ പാരമ്പര്യത്തെ തകര്‍ത്ത് രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മെനഞ്ഞെടുക്കുന്ന കുതന്ത്രങ്ങളെ പോപുലര്‍ഫ്രണ്ട് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന ഫാഷിസ്റ്റുകളുടെ കുതന്ത്രത്തെ ചെറുക്കും. ഇതിനു വേണ്ടി സമാനമനസ്‌കരുമായി വേദി പങ്കിടും. പ്രക്ഷോഭങ്ങളും പൊതുപരിപാടികളും സെമിനാറുകളും പത്രപ്രസ്താവനകളും പോസ്റ്റര്‍ കാംപയിനുകളും പോപുലര്‍ ഫ്രണ്ടിന്റെ പരിപാടികളാണ്.
അതോടൊപ്പം തന്നെ മുസ്‌ലിം സമുദായത്തിന്റെയും പിന്നാക്ക സമുദായത്തിന്റെയും ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടന മുന്നോട്ടുവയ്ക്കുന്നു. സംഘടനയുടെ വികസനവും വ്യാപനവും സംഘടനയുടെ അജണ്ടകളെ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന കൈയേറ്റങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ ഉത്തരവാദിത്തത്തെ അധികരിപ്പിച്ചിട്ടുമുണ്ട്. ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ രാജ്യവ്യാപകമായി വിജയകരമായി നടത്തിയ ഗ്രാമസദസ്സുകള്‍ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.

3_5

ഭാവി മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാല പദ്ധതികളാണ് ഇനി ആവശ്യമെന്ന ചിന്ത ഇപ്പോള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് ഇക്കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ടോ?


സ്വാതന്ത്ര്യത്തിന്റെ 67 വര്‍ഷങ്ങള്‍ പിന്നിട്ട ഇന്ത്യന്‍ മുസ്‌ലിംകളും അവരുടെ സ്വയംപ്രഖ്യാപിത നേതാക്കളും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ പരാജയങ്ങളും അപചയങ്ങളും പിന്നാക്കാവസ്ഥയും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതില്‍ സമുദായ നേതാക്കള്‍ സംതൃപ്തി കാണുകയും ചെയ്യുന്നു. പക്ഷേ, സമൂഹത്തില്‍ യാതൊരു മാറ്റവുമില്ല. നേതാക്കള്‍ക്കു മുസ്‌ലിം സാമാന്യജനവുമായി വേണ്ടത്ര ബന്ധവുമില്ല. അവരുടെ ഭാവിയെ സംബന്ധിച്ച് യാതൊരു ഉല്‍ക്കണ്ഠയുമില്ല. ഒരു പദ്ധതിയുമില്ല. ബുദ്ധിജീവികള്‍ പുസ്തകമെഴുതുന്നു, ലേഖനങ്ങളെഴുതുന്നു. സെമിനാറിസ്റ്റുകള്‍ കണക്കുകള്‍ അവതരിപ്പിക്കുന്നു എന്നല്ലാതെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിപദ്ധതി എന്തായിരിക്കണമെന്നു നിര്‍ണയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
ഇതില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ മുസ്‌ലിംകളെ ഭാവിയിലേക്കു നയിക്കാന്‍ ഇനിയെങ്കിലും സാധിക്കണം. ഒരു ദീര്‍ഘകാല കാഴ്ചപ്പാട് ഉണ്ടാവണം. വിവിധ വിഭാഗങ്ങളിലുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു ചെയ്തുതീര്‍ക്കാനുള്ള അജണ്ട നിശ്ചയിച്ചുകൊടുക്കണം. വരുംനൂറ്റാണ്ടില്‍ ഇന്ത്യ എന്തായിരിക്കണം, മുസ്‌ലിം-പിന്നാക്കവിഭാഗങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പോപുലര്‍ ഫ്രണ്ട് ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചുകൊണ്ട് വിവിധ വിഭാഗം ജനങ്ങളുമായി സംഘടന ചര്‍ച്ച തുടങ്ങിവച്ചിട്ടുണ്ട്.


മറ്റു മുസ്‌ലിം സംഘടനകളേക്കാള്‍ കൂടുതലായി പോപുലര്‍ ഫ്രണ്ട് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാനാവും? സത്യത്തിനും നീതിക്കും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സംഘടന എന്ന നിലയില്‍ എതിരാളികള്‍ സ്വാഭാവികമായുമുണ്ട്. പോപുലര്‍ഫ്രണ്ട് കേഡര്‍ സ്വഭാവത്തിലുള്ള, വളരെ ശക്തമായ, നിരന്തരം ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്.


അതുകൊണ്ടുതന്നെ അത് നിരീക്ഷിക്കപ്പെടുന്നു. പ്രതിലോമ ശക്തികളുടെ ഭീഷണി നേരിടുന്നു. രാജ്യമാസകലം മുസ്‌ലിംകളെ കേന്ദ്രീകരിച്ചുകൊണ്ടും അവര്‍ക്കിടയില്‍ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊണ്ടും അവരെ ശാക്തീകരിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിക്കൊണ്ടും അവരെ രാഷ്ട്രീയമായി ശക്തിപ്പെടുത്തിക്കൊണ്ടും സംഘടന മുന്നോട്ടുപോവുന്നു.ഇത് പല ഒളിയജണ്ടകളും ഉള്ളവരെ പ്രകോപിപ്പിക്കുന്നു എന്നല്ലാതെ പോപുലര്‍ ഫ്രണ്ട് രാജ്യവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയ യാതൊന്നും ചെയ്തിട്ടില്ല. ഇക്കാര്യം ഭരണകൂടത്തിനും സംഘടനയോട് അകലം പുലര്‍ത്തുന്ന എല്ലാവര്‍ക്കും നന്നായറിയാം.


എതിരാളികളും സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളെ സംഘടനക്കെതിരായി ഉപയോഗിക്കുന്നു. സത്യം മുറുകെപ്പിടിക്കലല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികളില്ല. ഉപജാപങ്ങളെ മറികടക്കാന്‍ കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി സത്യം ധരിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.


unnamed (1)


പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടാന്‍ പോകുന്നതായി ഈയിടെ ഒരു വാര്‍ത്ത കണ്ടു. സത്യത്തില്‍ അങ്ങനെയൊരു നിരോധന ഭീഷണിയുണ്ടോ?


ഭരണഘടനാപരമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക മുന്നേറ്റപ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. മാധ്യമങ്ങള്‍ സംഘടനയെ ഇതിനകം പല പ്രാവശ്യം നിരോധിച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇന്ത്യയില്‍ മുസ്‌ലിം പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടില്ല. സംഘടനയെ നിരോധിക്കാന്‍ കാരണമാകുന്ന ഒരു ചെറിയ കാര്യം പോലും പോപുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തില്‍ നിന്നു കണ്ടെത്താനാവില്ല. ഒരു തെളിവും ഉന്നയിക്കാനാവില്ല. അതോടൊപ്പംതന്നെ ഛിദ്രത വളര്‍ത്തുന്ന ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ദേശവിരുദ്ധ ശക്തികള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അവരെ തടയുന്നില്ല. എന്നല്ല, അവര്‍ക്കു തന്നെയാണല്ലോ സര്‍ക്കാരിന്റെ മേലുള്ള നിയന്ത്രണം. അധികാരം കൈയടക്കിയവര്‍ക്ക് എതിര്‍ശബ്ദമുയര്‍ത്തുന്നവരെ നിരോധിക്കാന്‍ പ്രത്യേക ന്യായം വേണമെന്നില്ലല്ലോ. എന്നാല്‍, നിയമത്തിനും നീതിക്കുമെതിരായ അത്തരം നീക്കങ്ങള്‍ ജനാധിപത്യ സമൂഹം പരാജയപ്പെടുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.


pfi1


ചില മുസ്‌ലിം ഗ്രൂപ്പുകളുടെയും സായുധസംഘങ്ങളുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കപ്പെടുന്ന ഇന്ത്യയിലെയും വിദേശ


മുസ്‌ലിം രാജ്യങ്ങളിലെയും വിധ്വംസക പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനാവുമോ?


ഇന്ത്യയുടെ അധഃസ്ഥിത-പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണം ബോംബ് സ്‌ഫോടനം കൊണ്ടും അക്രമം അഴിച്ചുവിട്ടുകൊണ്ടും നടക്കുന്നതല്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന സംഘടനയാണ് പോപുലര്‍ഫ്രണ്ട്. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും പരിഹാരവഴികളും വ്യതിരിക്തമാണ്. നിരക്ഷരത, അരക്ഷിതത്വം, അനീതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി, ഹിന്ദുത്വ ഫാഷിസം ഇതൊക്കെയാണ് പരിഹാരം തേടുന്ന പ്രശ്‌നങ്ങള്‍. എവിടെയെങ്കിലും ഒരു ബേക്കറിയുടെ മുന്നിലോ തീവണ്ടികളിലോ ജനനിബിഡമായ പൊതുസ്ഥലത്തോ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് തിരിയരുതെന്നു സംഘടന മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കുന്നു.
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു പോപുലര്‍ഫ്രണ്ട് നിര്‍ദേശിക്കുന്ന മാര്‍ഗം ഇതാണ്: ഗ്രാസ്‌റൂട്ട് ലെവലില്‍ നിന്നു മനുഷ്യവിഭവങ്ങളെ കണ്ടെത്തി അവരെ സംഘടിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയമായും സജ്ജരാക്കുക. ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കുക എന്നതാണ് പോപുലര്‍ഫ്രണ്ട് തിരഞ്ഞെടുത്തിട്ടുള്ള മാര്‍ഗം.നിങ്ങള്‍ പറഞ്ഞ ഈ ദുരൂഹ സംഘടനകളുമായി പോപുലര്‍ഫ്രണ്ടിന് യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല, അവരെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ പോലും ലഭ്യമല്ലാതിരിക്കെ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരില്‍ നിന്ന് എന്തിനു പരിഹാരം തേടണം? ഇന്ത്യയുടെ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കിക്കൊണ്ട് ജനകീയവും നിയമപരവുമായ വഴികളിലൂടെ പ്രവര്‍ത്തനം രൂപപ്പെടുത്താന്‍ കഴിവുള്ളവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. ഈ മണ്ണിന്റെ ബലം അവര്‍ക്ക് മതിയായതാണ്. വിദേശത്തു നിന്നുള്ള ഒരു സംരംഭവും സംഘടനയും നമുക്കു പകര്‍ത്തിയെടുക്കേണ്ട മാതൃക നല്‍കുന്നില്ല.


മുസ്‌ലിം ചെറുപ്പക്കാര്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി വാര്‍ത്തകള്‍ വരുകയുണ്ടായി. ഇത്തരം പ്രവണതകള്‍ എങ്ങനെ തടയാന്‍ കഴിയും?


യുവാക്കള്‍ ഇവിടത്തെ രാഷ്ട്രീയത്തില്‍ അസംതൃപ്തരാണ്. സാഹചര്യം നന്നാക്കുകയും പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാക്കുകയും വേണം. വ്യാപകമായ ബോധവല്‍ക്കരണവും സംഘാടനവും നടക്കണം. ഭരണകൂടത്തിനും രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മനുഷ്യാവകാശ വേദികളില്‍ മാവോവാദികളുമായി സഹകരിക്കുന്നതായി കാണുന്നു. ഇക്കാര്യത്തില്‍ ആശയവ്യക്തത ആവശ്യമാണെന്നു തോന്നുന്നു.
മാവോവാദികള്‍ ആരെല്ലാമാണെന്ന് കൃത്യമായി നമുക്കറിയില്ല. മുസ്‌ലിം തീവ്രവാദം പോലെ മാവോവാദവും അന്യായമായും അസ്ഥാനത്തും ആരോപിക്കപ്പെടുന്നുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട ഒരു നിരോധിത സംഘടനയുമായും പോപുലര്‍ ഫ്രണ്ടിനു ബന്ധമില്ല. ഇതാണ് സത്യം. എന്നാല്‍, മനുഷ്യാവകാശത്തിനു വേണ്ടിയും ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേയും ശബ്ദിക്കുന്ന സമാനമനസ്‌കരുമായി സംഘടന വേദി പങ്കിട്ടിട്ടുണ്ട്. പക്ഷേ, ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസമര്‍പ്പിക്കാത്ത, ഭരണകൂടത്തിനെതിരേ സായുധസമരം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെയും വിഭാഗങ്ങളെയും ഞങ്ങള്‍ ഒരിക്കലും പിന്തുണച്ചിട്ടില്ല. ജനാധിപത്യത്തിലും നിയമവാഴ്ചയിലുമൂന്നിയ പരിഹാരമാണ് പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത്.


NCP_Calicut


പോപുലര്‍ ഫ്രണ്ടിനുമുണ്ടല്ലോ ഒരു രാഷ്ട്രീയം. അതിന്റെ വിജയസാധ്യതയെന്താണ്?


പോപുലര്‍ ഫ്രണ്ടിനു തുടക്കം മുതലേ രാഷ്ട്രീയമുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റ് വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണത്. അത് മുന്നോട്ടുവയ്ക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സാണ്. ദലിതരും പിന്നാക്കവിഭാഗങ്ങളും അധികാരത്തില്‍ പങ്കാളികളാവണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടം ഉപയോഗിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്ക് രാജ്യത്തു മതിയായ അധികാര പങ്കാളിത്തം കൈവരിക്കാന്‍ കഴിയണം. ഇതാണ് പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശം. ഓരോ ഇന്ത്യക്കാരന്നും ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും മോചനം നല്‍കുന്ന, എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യാവകാശമുള്ള ഒരിന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഒരു രാഷ്ട്രീയം. ഇത് കാലത്തിന്റെ തേട്ടമാണ്. ഈ സന്ദേശം രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. ജനങ്ങള്‍ ഇത് വൈകാതെ തിരിച്ചറിയുകയും ചെയ്യും. വിജയം വൈകിയേക്കാം. എന്നാല്‍, അതു സംഭവിക്കുക തന്നെ ചെയ്യും.


pfi_udupi

RELATED STORIES

Share it
Top