ഇന്ത്യന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കി ഓസീസ്; രണ്ടാം മല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്തത് 60 റണ്‍സിന്
വഡോദര: ഐസിസി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ആസ്‌ത്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് 60 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 287 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 49. 2 ഓവറില്‍ 227 റണ്‍സിലവസാനിച്ചു. അര്‍ധ സെഞ്ച്വറി നേടിയ നിക്കോള്‍ ബോള്‍ട്ടന്റെയും (84) എല്ലിസെ പെറിയുടെയും (70*)  മികച്ച ഇന്നിങ്‌സാണ് ആസ്‌ത്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങുന്ന പരമ്പരയിലെ 2-0ന് ആസ്‌ത്രേലിയ സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (67) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ മിതാലി രാജും(15) വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും(17) നിരാശപ്പെടുത്തി. 288 റണ്‍സിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് പൂനം റൗത്തും(27) മന്ദാനയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 18 ഓവറില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത.്  പൂനം റൗത്ത് വെടിക്കെട്ട് കാഴ്ചവച്ച മന്ദാനയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ടു. എന്നാല്‍ മന്ദാനയെ ഇടയ്ക്ക് വച്ച് ജൊനാസെന്‍ സ്‌കട്ടിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലിറങ്ങിയ മിതാലിരാജിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ച പൂനം റൗത്ത് സ്‌കോര്‍ബോര്‍ഡ് 99 ല്‍ നില്‍ക്കേ പുറത്തായി. പിന്നീട് വന്നവര്‍ തുടര്‍ച്ചയായ ഇടവേളകളില്‍ പവലിനിലേക്ക് കൂടാരം കയറിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 60 റണ്‍സിനിപ്പുറം അവസാനിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ പൂജ വസ്ത്രകാര്‍(30) ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ പരിശ്രമച്ചെങ്കിലും വിജയത്തിലേക്കെത്തിക്കക്കാന്‍ കഴിഞ്ഞില്ല. വസ്ത്രാകാറിനെ സ്‌കട്ടാണ് ഗാലറിയിലേക്ക് മടക്കിയത്. എല്ലിസെ പെറിയും ബോള്‍ട്ടനും തിളങ്ങിയ ആസ്‌ത്രേലിയന്‍ നിരയില്‍ ബെത്ത് മൂണി(56) അര്‍ധ സെഞ്ച്വറിയുമായി ഓസീസിന്റെ മുന്നേറ്റത്തിന് അടിത്തറ പാകി. ഇന്ത്യന്‍ നിരയില്‍ ശിഖ പാണ്ഡെയുടെ മൂന്ന് വിക്കറ്റ് പ്രകടനവും പൂനം യാദവിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ആസ്‌ത്രേലിയന്‍ നിരയെ 300 കടത്തുന്നതില്‍ നിന്ന് വിലക്കിയത്.

RELATED STORIES

Share it
Top