ഇന്ത്യന്‍ പൗരനല്ലെന്നാരോപിച്ച് വിമുക്തഭടന്‍മാര്‍ യുപി സ്വദേശിയെ മര്‍ദിച്ചു

തളിപ്പറമ്പ്: ഇന്ത്യന്‍ പൗരനല്ലെന്നാരോപിച്ച് മദ്യലഹരിയി ല്‍ വിമുക്തഭടന്‍മാരും പട്ടാളക്കാരനും ചേര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിയെ മര്‍ദിച്ചു. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ സ്വദേശി മുഹമ്മദ് നുഅ്മാനെ (26)യാണ് ക്രൂരമായി മര്‍ദിച്ചത്.
കണ്ണൂരില്‍ താമസിച്ച് ചുരിദാര്‍ വില്‍പന നടത്തുന്ന നുഅ്മാന്‍ കഴിഞ്ഞ ദിവസം കോള്‍തുരുത്തിയിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിമുക്തഭടന്‍മാരും പട്ടാളക്കാരനുമാണ് പേര് ചോദിച്ച ശേഷം ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചത്. ഇതിലൊരാള്‍ തളിപ്പറമ്പ് എസ്‌ഐയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാളെ പിടിച്ചുവച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പോലിസിനെ വിളിച്ചത്. എസ്‌ഐയോടു അപമര്യാദയായാണു പെരുമാറിയത്.
സ്ഥലത്തെത്തിയ പോലിസ്, ഒരു യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് കണ്ടത്. പോലിസെത്തി പിടിച്ചുമാറ്റിയെങ്കിലും തങ്ങള്‍ ഇന്ത്യന്‍ ആര്‍മിയിലുള്ളവരാണെന്നും എന്തും ചെയ്യുമെന്നും ആക്രോശിച്ചു. എസ്‌ഐയുടെ നെയിംബോര്‍ഡും യൂനിഫോമും വലിച്ചുകീറി. മര്‍ദനത്തിന് നേതൃ ത്വം നല്‍കിയ വിമുക്തഭടനും വടക്കാഞ്ചേരി സ്വദേശിയുമായ നാണിച്ചേരി വളപ്പില്‍ അശോക (52)നെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസിനെ തടയാന്‍ സ്ത്രീകളെ ഉപയോഗിച്ചു നടത്തിയ ശ്രമം വിഫലമായതോടെ, തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. വടക്കാഞ്ചേരി സ്വദേശി വിനോദും മുല്ലക്കൊടിയിലെ റിട്ട. സുബേദാര്‍ പ്രഭാകരനുമാണ് ഓടിരക്ഷപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അശോകനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top