ഇന്ത്യന്‍ പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകന്‍: മുസ്‌ലിംലീഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വെറുപ്പിന്റെ പ്രചാരകനാണെന്ന് മുസ്‌ലിംലീഗ്. ജാതിയും മതവും പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്നും വെറുപ്പിന്റെ രാഷ്ട്രീയം ആണു ബിജെപിയുടേതെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വികസനത്തിനു പകരം പ്രധാനമന്ത്രി വിദ്വേഷമാണു പ്രസംഗിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഭൂരിപക്ഷ സമുദായം അതിനൊന്നും ചെവികൊടുത്തിട്ടില്ലെന്നത് അവിടത്തെ സമാധാനാന്തരീക്ഷത്തിനു തെളിവാണ്.കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കേണ്ടത് അവരുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ആവശ്യമാണ്. അതിനാലാണു നേരത്തെ ലീഗ് വിജയിച്ചിരുന്ന ഉള്ളാല്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മല്‍സരിക്കാതെ എല്ലായിടത്തും കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കാനാണു മുസ് ലിംലീഗ് തീരുമാനിച്ചതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയ വിശ്വാസികള്‍ക്കെതിരേ പ്രസ്താവന നടത്തിയ ഹരിയാന മുഖ്യമന്ത്രിയുടെ നപടി അപലപനീയമാണ്. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കെ എം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് മുന്നണിയുടെ ആഗ്രഹം. വരുംദിവസങ്ങളില്‍ പല കക്ഷികളും യുഡിഎഫില്‍ എത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top