ഇന്ത്യന്‍ പെണ്‍പടയ്ക്ക് ആശ്വാസജയംമുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യക്ക് ആശ്വാസ ജയം. കരുത്തരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 18.5 ഓവറില്‍ 107 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ  മറുപടി ബാറ്റിങില്‍ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ അനുജ പാട്ടിലാണ് കളിയിലെ താരം.
ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയെ മൂന്ന് വിക്കറ്റുകള്‍ പിഴുത് അനുജ പാട്ടില്‍ മുന്നില്‍ നയിച്ചതോടെ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഓപണര്‍ ഡാനിയെല്ലി വ്യാട്ടാണ് (31) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. നടാലിയെ സ്‌കിവര്‍ (15) ആമി ജോണിസ് (15) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാധ യാദവ് , പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി അനുജക്ക് മികച്ച പിന്തുണയേകി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കുവേണ്ടി സ്മൃതി മന്ദാന (62*) അര്‍ധ സെഞ്ച്വറി നേടിയതോടെ അനായാസം ഇന്ത്യ വിജയം കാണുകയായിരുന്നു. 41 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടയായിരുന്നു മന്ദാനയുടെ പ്രകടനം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20*) പുറത്താവാതെ നിന്നു. മിതാലി രാജ് (6) ജെമീമ റോഡ്രിഗസ് (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

RELATED STORIES

Share it
Top