ഇന്ത്യന്‍ ജഴ്‌സിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തിളങ്ങി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍


കൊളംബോ: ഇന്ത്യ അണ്ടര്‍ 19 ടീമിലെ അരങ്ങേറ്റം മല്‍സരത്തില്‍ തിളങ്ങി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ശ്രീലങ്കയ്‌ക്കെതിരായി കൊളംബോയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ 11 ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഫാസ്റ്റ് ബൗളറായ അര്‍ജുന്‍ സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ഓപണര്‍ കമില്‍ മിശ്രയെ എല്‍ബിയിലൂടെ അര്‍ജുന്‍ പുറത്താക്കുകയായിരുന്നു.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ കൂടാരം കയറി. നാല് വിക്കറ്റ് വീതം പങ്കിട്ട ഹര്‍ഷ് ത്യാഗി, ആയുഷ് ബഡോനി എന്നിവരുടെ ബൗളിങാണ് ആതിഥേയരായ ലങ്കയുടെ നടുവൊടിച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന മികച്ച നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ അനൂജ് റാവത്തിന്റെ (63) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.  ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 152 റണ്‍സ് പിന്നിലാണ് ഇന്ത്യ.

RELATED STORIES

Share it
Top