ഇന്ത്യന്‍ ജനാധിപത്യത്തെ ആരു രക്ഷിക്കും?

നാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സ്ഥാനമേറ്റിരിക്കുന്നു. കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ചാണ് ഗവര്‍ണര്‍ ബിജെപിയെ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയാണ് ചെയ്തത്.
നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് എട്ടുപേരുടെ കൂടി പിന്തുണ ആവശ്യമാണെന്നിരിക്കെയാണ് നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായ് വാല ഏറ്റവും വലിയ കക്ഷി എന്ന ന്യായത്തില്‍ ബിജെപിയെ ഭരണമേല്‍പ്പിക്കാന്‍ തുനിയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഉദാരമായി സമയവും നീട്ടിനല്‍കിയിരിക്കുന്നു. അതിനര്‍ഥം മറ്റു കക്ഷികളില്‍പ്പെട്ട ജനപ്രതിനിധികളെ വിലകൊടുത്ത് സ്വന്തമാക്കിക്കോളൂ എന്നാണ്. ഭരണകൂടത്തിന്റെ ഭരണഘടനാ വ്യതിയാനങ്ങള്‍ക്കു തടയിടാന്‍ ബാധ്യതപ്പെട്ട ഒരു സ്ഥാനത്തിരുന്നാണ് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ നാണംകെട്ട രാഷ്ട്രീയ വ്യാപാരത്തിനു പച്ചക്കൊടി കാണിക്കുന്നത്. ഇപ്പോള്‍ കേന്ദ്രത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ രാജ്യത്തെ എങ്ങോട്ടു നയിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ജനതാദള്‍ എസിനും കോണ്‍ഗ്രസ്സിനും കൂട്ടായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നത് ഭരണഘടനയ്ക്കും മുന്‍ സുപ്രിംകോടതി വിധികള്‍ക്കും കടകവിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എസ് ആര്‍ ബൊമ്മെ കേസില്‍ സുപ്രിംകോടതിയുടെ വിധിപ്രകാരം, ആദ്യം കേവല ഭൂരിപക്ഷം നേടിയവരെ ക്ഷണിക്കണം. അല്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തെ ക്ഷണിക്കണം. മൂന്നാമത് പരിഗണന തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലാത്ത സാഹചര്യത്തിലേ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കേണ്ടതുള്ളൂ. നിയമവശം ഇതായിരിക്കെ നാലാമത് മാത്രം പരിഗണിക്കേണ്ടവര്‍ക്കു പ്രഥമ പരിഗണന നല്‍കിയതിനെയാണ് കോണ്‍ഗ്രസ് കോടതിയില്‍ ചോദ്യം ചെയ്തത്. ഈ തീരുമാനത്തിലൂടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഗവര്‍ണര്‍ ബോധപൂര്‍വം കളമൊരുക്കുകയാണെന്ന ആരോപണം അസ്ഥാനത്തല്ല.
ബിജെപിയെ സംബന്ധിച്ചിടത്തോളം അപ്പപ്പോള്‍ തോന്നുന്ന ന്യായങ്ങള്‍ നിരത്തി ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ കൈപ്പിടിയിലൊതുക്കുക എന്നതിനപ്പുറം ധാര്‍മികമോ സദാചാരപരമോ ആയ വേവലാതികളൊന്നും ഒരിക്കലും ഉണ്ടാവാനിടയില്ല. ഭരണഘടനയും നിയമവും ജനാധിപത്യവുമൊക്കെ അധികാരം കൈയിലാക്കാനുള്ള ഉപാധികള്‍ മാത്രമാണവര്‍ക്ക്. അധികാരത്തിലിരുന്നുകൊണ്ട് നിയമരാഹിത്യത്തെ പ്രചോദിപ്പിക്കുകയും നിയമലംഘകര്‍ക്കു സംരക്ഷണമൊരുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് ജനാധിപത്യം വെറുമൊരു കടത്തുതോണിയാണ്. കരപറ്റിയാല്‍ അതിനെ മറിച്ചിട്ട് ദൂരേക്ക് ഒഴുക്കിക്കളയാന്‍ മാത്രം നൃശംസത ഉള്ളില്‍ പേറുന്നവരാണവര്‍. ഈ വിഭാഗത്തിന്റെ കരവലയത്തില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് നമ്മുടെ ജനാധിപത്യമെന്നു തിരിച്ചറിയാന്‍ രാജ്യത്തിന് എന്നു കഴിയുന്നോ അന്നേ രാജ്യം രക്ഷപ്പെടൂ.

RELATED STORIES

Share it
Top