ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍ഓവല്‍: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ഞായര്‍. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്താരാധിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രി മറക്കാന്‍ ആഗ്രഹിക്കും. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചകം തേങ്ങി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീര പുത്രന്‍ വിരാട് കോഹ്‌ലി എന്ന നായകന്റെ കണക്കുകൂട്ടലുകളും നിഗമനങ്ങളും അമ്പേ പാളിപ്പോയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചത് മായ്ച്ച് കളയാനാവാത്ത നാണക്കേട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ഇന്ത്യയുടെ പോരാട്ടം 30.3 ഓവറില്‍ 158 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് അമീറും ഹസന്‍ അലിയുമാണ് ഇന്ത്യയെ തകര്‍ത്തത്. പാകിസ്താന് വേണ്ടി ഫഖര്‍ സമാന്‍(114) സെഞ്ച്വറി നേടി തിളങ്ങി. 2009ലെ ട്വന്റി 20 കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്. ചാംപ്യന്‍സ് ട്രോഫിയിലെ കന്നിക്കിരീടവും. ടോസിന്റെ സമയത്ത് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞ വാക്കുകളുടെ അര്‍ഥം പാക് താരങ്ങള്‍ ബാറ്റുകൊണ്ട് ഇന്ത്യക്ക് പറഞ്ഞ് തന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഈ ബോധ്യത്തോടെയാണ്  കളിക്കാനിറങ്ങുന്നത്. ടോസ് നേടി പാകിസ്താനെ ബാറ്റിങിനയക്കാനുള്ള കോഹ്‌ലിയുടെ തീരുമാനം എത്രത്തോളം തെറ്റായിരുന്നെന്ന് ആദ്യ 10 ഓവറില്‍ തന്നെ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെളിയിച്ചു. അസര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് പാകിസ്താന് സമ്മാനിച്ചത്. ഇന്ത്യയുടെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി ഇരുവരും മുന്നേറിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും ഒപ്പം നിന്നു. അസര്‍ അലിയുടേയും ഫഖര്‍ സമാന്റെയും തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് മുന്നില്‍ എവിടെ ഫീല്‍ഡറെ സെറ്റ് ചെയ്യുമെന്നറിയാതെ കോഹ്‌ലി വലഞ്ഞു. സെഞ്ച്വറി കൂട്ടുകെട്ടുമായി കുതിച്ച അസര്‍- ഫഖര്‍ കൂട്ടുകെട്ട് 23ാം ഓവറില്‍ പൊളിഞ്ഞു. രവിചന്ദ്ര അശ്വിന്റെ പന്തില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച അസര്‍ അലിയെ ജസ്പ്രീത് ഭൂംറയുടെ തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ എം എസ് ധോണി പുറത്താക്കി. 71 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതം 59 റണ്‍സെടുത്ത അസര്‍ മടങ്ങുമ്പോള്‍ പാക് സ്‌കോര്‍ബോര്‍ഡ് 23 ഓവറില്‍ ഒരു വിക്കറ്റിന് 128 റണ്‍സെന്ന നിലയിലായിരുന്നു.——രണ്ടാമനായെത്തിയ ബാബര്‍ അസമും(46) ബാറ്റിങില്‍ താളം കണ്ടെത്തിയതോടെ പാക് സ്‌കോര്‍ബോര്‍ഡിന് കരുത്തുയര്‍ന്നു. അസം മടങ്ങിയതോടെ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ഫഖര്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ ഫഖറിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു. അശ്വിനേയും ജഡേജയേയും അതിര്‍ത്തി കടത്തി കരുത്ത് കാട്ടിയ ഫഖര്‍ മുന്നേറിയപ്പോള്‍ ആവേശ ഫൈനലില്‍ സെഞ്ച്വറിയും ഒപ്പം നിന്നു. 92 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ഫഖര്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിക്ക് ശേഷം കൂടുതല്‍ അക്രമാസക്തമായി ബാറ്റുവീശിയ ഫഖര്‍ പാക് സ്‌കോര്‍ബോര്‍ഡ് 200 റണ്‍സില്‍ നില്‍ക്കെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ വീണു. 106 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും സഹിതം 114 റണ്‍സ് അടിച്ചെടുത്താണ് ഫഖര്‍ കളം വിട്ടത്.—മൂന്നാമന്‍ ഷുഹൈബ് മാലിക്കിനെ(12) ഭുവനേശ്വര്‍ കുമാര്‍ നിലയുറപ്പിക്കും മുമ്പേ മടക്കി. ഭുവനേശ്വറെ അതിര്‍ത്തി കടത്താനുള്ള മാലിക്കിന്റെ ശ്രമം ജാദവിന്റെ കൈകളില്‍ അവസാനിച്ചു. എന്നാല്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഹഫീസും (57*) ബാബറും ചേര്‍ന്ന് അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തു. 37 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് ഹഫീസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അര്‍ധ സെഞ്ച്വറിയിലേക്കടുത്ത ബാബറെ കേദാര്‍ ജാദവ് പുറത്താക്കിയെങ്കിലും അവസാന ഓവറുകളില്‍ ഇമാദ് വാസിം(25*) കത്തിക്കയറിയതോടെ പാക് സ്‌കോര്‍ബോര്‍ഡ് 50 ഓവറില്‍ 338 എന്ന മികച്ച സ്‌കോറിലേക്കെത്തി. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇന്ത്യയുടെ ബൗളിങ് നിര കണക്കിന് തല്ലുവാങ്ങിക്കൂട്ടിയപ്പോള്‍ ഭേദപ്പെട്ട് നിന്നത് ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്339 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. പാകിസ്താന്റെ ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിര കടപുഴകി വീണു. ഒന്നാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ മുഹമ്മദ് അമീര്‍ ഇന്ത്യക്ക് ആദ്യ ഷോക്ക് നല്‍കി. അക്കൗണ്ട് തുറക്കും മുമ്പേ രോഹിത് ശര്‍മയെ അമീര്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. രണ്ടാമനായെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും അദ്ഭുതമൊന്നും കാട്ടാനായില്ല. സമ്മര്‍ദം നിറഞ്ഞുനിന്ന കോഹ്‌ലിയുടെ ബാറ്റിങിനെ അമീറിന്റെ പന്തില്‍ അസര്‍ അലി ഒരു തവണ കൈവിട്ടെങ്കിലും അമീറിന്റെ തൊട്ടടുത്ത പന്തില്‍ ഷദാബ് ഖാന്റെ കൈയ്യില്‍ കോഹ്‌ലി സുരക്ഷിതമായി അവസാനിച്ചു. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സായിരുന്നു വിരാട് കോഹ്‌ലിയുടെ സമ്പാദ്യം. നേരിയ പോരാട്ടം നടത്തിയ ശിഖാര്‍ ധവാനും(21) യുവരാജ് സിങും(22) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ചെറിയ ഇടവേളകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് നിര കടുത്ത സമ്മര്‍ദത്തിലായി. ഷദാബ് ഖാന്റെ പന്തില്‍ യുവരാജിന്റെ എല്‍ബി അംപയര്‍ നിരസിച്ചെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ജുനൈദ് ഖാന്റേയും ഹസന്‍ അലിയുടേയും പന്തുകളില്‍ തീപാറിയപ്പോള്‍ ഇന്ത്യയുടെ മധ്യനിരയും തകര്‍ന്നടിഞ്ഞു. എം എസ് ധോണി(4), കേദാര്‍ ജാദവ്(9), രവീന്ദ്ര ജഡേജ(15) എന്നിവരെല്ലാം പാക് ബൗളിങിന് മുന്നില്‍ നിഷ്പ്രഭമായി. 43 പന്തില്‍ നാല് ഫോറും ആറ് സിക്‌സറും സഹിതം 76 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ടു നിന്നത്. രവീന്ദ്ര ജഡേജയുടെ അനാവശ്യ ശ്രമത്തില്‍ ഹര്‍ദിക്ക് റണ്ണൗട്ടാവുകയായിരുന്നു. പാകിസ്താന് വേണ്ടി മുഹമ്മദ് അമീര്‍ ആറ് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹസന്‍ അലി 6.3 ഓവറില്‍ 19 റണ്‍സിനാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ഷഹാബ് ഖാന്‍ രണ്ടും ജുനൈദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.ആദ്യ അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാനാണ് മാന്‍ ഓഫ് ദി മാച്ച്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ പാക് പേസ് ബൗളര്‍ ഹസന്‍ അലിക്കാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ഹസന്‍ അലിയാണ് പ്ലെയര്‍ ഓഫ് ദി സീരീസും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖാര്‍ ധവാനാണ് ഗോള്‍ഡന്‍ ബാറ്റ്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 338 റണ്‍സാണ് ധവാന്‍ നേടിയത്.

RELATED STORIES

Share it
Top