ഇന്ത്യന്‍ എക്‌സ്പ്രസ് ഷേണായി തൊട്ട് ഫ്രീലാന്‍സര്‍ ഷേണായി വരെ

പി എ എം ഹനീഫ്
കോഴിക്കോട്: ടി വി ആര്‍ ഷേണായി അന്തരിച്ചു എന്നു കേട്ട മാത്രയില്‍ ആദ്യം മനസ്സിലോടിയെത്തിയത് പത്രഭാഷ സംബന്ധിച്ച ഷേണായിയുടെ ചില ബോധങ്ങളും ബോധ്യങ്ങളുമാണ്. റിപോര്‍ട്ട് എഴുതുമ്പോള്‍ എത്ര കുറഞ്ഞ വാക്കുകളിലൂടെ എത്രയെത്ര വായനക്കാര്‍ക്ക് മനസ്സിലാവും മട്ടില്‍ എഴുതാം എന്നതായിരിക്കണം.
ഭാഷാപാണ്ഡിത്യവും സാഹിത്യ വൈദഗ്ധ്യവും പത്രസ്ഥലത്ത് വാരിവലിച്ചിടരുത്. ദീര്‍ഘകാലം മനോരമയിലുണ്ടായിട്ടും ഷേണായിയുടെ ജേണലിസ മികവുകളൊക്കെ പ്രത്യക്ഷമായത് അന്തര്‍ദേശീയ ദിനപത്രങ്ങളിലെ കോളമിസ്റ്റ് എന്ന നിലയ്ക്ക് ഇന്ത്യക്കു പുറത്തായിരുന്നു. ഡല്‍ഹിയില്‍ സി പി രാമചന്ദ്രന്‍ തലമുറയ്ക്കു പിറകിലാണ് ഷേണായിയുടെ പ്രവേശനം. സാമ്പത്തികശാസ്ത്രമാണ് ഷേണായിയുടെ വിഷയങ്ങളിലധികവും. 1965ല്‍ മനോരമയില്‍ ചേരും മുമ്പ് സാമ്പത്തികശാസ്ത്ര അധ്യാപകനായി നിരവധി ശിഷ്യസമ്പത്തിന് ഷേണായി ഉടമയായിരുന്നു. മനോരമ എഡിറ്റ് പേജില്‍ ഇന്ദ്രപ്രസ്ഥത്തില്‍നിന്നുള്ള അണിയറ നാടകങ്ങള്‍ ഏറെ എഴുതിയത് ടി വി ആര്‍ ഷേണായി ആണ്. മനോരമ 'ദി വീക്ക്' ആരംഭിച്ചപ്പോള്‍ എഡിറ്ററായി ഷേണായിയുടെ 'സോഴ്‌സുകള്‍' മനസ്സിലാക്കി കുടിയിരുത്തുമ്പോള്‍ ഒരു പ്രാദേശിക ഭാഷാപത്രത്തിന്റെ അകത്തളത്ത് ജനിച്ച് അമരത്വം നേടിയത് ദി വീക്കിന്റെ ചരിത്രം.
വി കെ മാധവന്‍കുട്ടി, നരേന്ദ്രന്‍, ഷേണായി ത്രിത്വങ്ങള്‍ ഡല്‍ഹിയില്‍ ഇന്ദിരാ വാഴ്ചക്കാലത്ത് ജേണലിസ്റ്റുകള്‍ എന്ന നിലയ്ക്ക് കതിര്‍ക്കനങ്ങളേറെയുള്ള 'സ്‌കൂപ്പു'കള്‍കൊണ്ട് കൊയ്ത്തുല്‍സവം നടത്തി. അടിയന്തരാവസ്ഥക്കാലത്തെ തുര്‍ക്മാന്‍ ഗേറ്റ് പരമ്പരകള്‍ ഷേണായി നിര്‍ഭയം എഴുതി. വികെഎന്നിന്റെ പത്രപ്രവര്‍ത്തന പരിചയം വച്ച് എഴുതിയ 'ആരോഹണം' അടക്കമുള്ള നോവലുകളില്‍ രാമനും മറ്റു വിവിധ പരുന്തുകളുമായി പ്രത്യക്ഷപ്പെടുന്നത് മുഴുവന്‍ ഷേണായിയും മാധവന്‍കുട്ടിയും കെ പി ഉണ്ണിക്കൃഷ്ണനുമൊക്കെയാണ്.
ഓക്‌സ്ഫഡിലടക്കം വിദേശ സര്‍വകലാശാലകളില്‍ സാമ്പത്തിക വിഷയങ്ങളില്‍ ഷേണായിയുടെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും ഏറെ വിലമതിക്കപ്പെട്ടു. വിശ്വമാകെ കറങ്ങിയ ജേണലിസ്റ്റ് എന്ന നിലയ്ക്ക് ഇന്ത്യന്‍ പത്രപ്രവര്‍ത്തനമേഖലകളില്‍ ടിവിആറിന് അതിസമ്പന്നമായ ശിഷ്യസമ്പത്തുണ്ട്.
1990-92 കാലയളവില്‍ സണ്‍ഡേ മെയിലില്‍ പ്രവര്‍ത്തിച്ചെങ്കിലും പൊരുത്തപ്പെടാനായില്ല. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞപ്പോള്‍ എ ബി വാജ്‌പേയി ആയിരുന്നു ഷേണായിയുടെ പ്രധാന സോഴ്‌സ്.
എറണാകുളത്തെ ചെറായി സ്വദേശി എന്ന നിലയ്ക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തലത്തില്‍ ധാരാളം ബന്ധങ്ങള്‍ ടിവിആറിനുണ്ടായിരുന്നു. ടി ഒ ബാവ, പനമ്പിള്ളി ഗോവിന്ദമേനോന്‍ തുടങ്ങി പ്രഗല്ഭരിലൂടെയാണ് ഡല്‍ഹി രാഷ്ട്രീയ പിന്നണിക്കഥകളേറെയും ഷേണായി മലയാളി വായനക്കാര്‍ക്ക് നല്‍കിയത്.
വിവിധ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കായി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ച ഷേണായി കേരള പ്രസ് അക്കാദമി ആഭിമുഖ്യത്തിലുള്ള വിവിധ ജേണലിസം വര്‍ക്‌ഷോപ്പുകളില്‍ അധ്യാപകനായും പ്രഭാഷകനായും പങ്കെടുത്തിട്ടുണ്ട്. പത്മഭൂഷണും മൊറോക്കോ പാലസില്‍ നിന്നുള്ള അലാവിറ്റ് കമാന്‍ഡര്‍ വിസ്ഡം രാജകീയ ബഹുമതിയും കരസ്ഥമാക്കിയ അപൂര്‍വ ഇന്ത്യന്‍ പത്രപ്രവര്‍ത്തന പ്രതിഭ.

RELATED STORIES

Share it
Top