ഇന്ത്യക്ക് ഹിറ്റ് ജയം; ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് കുല്‍ദീപ്


നോട്ടിന്‍ഹാം: ഇംഗ്ലണ്ടിന്റെ റെക്കോഡുകള്‍ ഏറെ പിറന്നിട്ടുള്ള നോട്ടിങ്ഹാം മൈതാനത്ത് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കുല്‍ദീപ്  യാദവിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇംഗ്ലണ്ട് 19.5 ഓവറില്‍ 268 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 40.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 269 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.
അപരാജിത സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ (137*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രോഹിതിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. തുടക്കത്തില്‍ രോഹിത് ശാന്തനായി ബാറ്റുവീശിയപ്പോള്‍ അടിച്ചുതകര്‍ത്ത് ശിഖര്‍ ധവാന്‍ (40) മുന്നേറി. 27 പന്തില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെട്ട ധവാന്റെ ഇന്നിങ്‌സിനെ മോയിന്‍ അലി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 7.5 ഓവറില്‍ ഒരു വിക്കറ്റിന് 59 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ രോഹിതിനൊപ്പം വിരാട് കോഹ്‌ലികൂടി (75) ഫോം കണ്ടെത്തിയതോടെ ഇന്ത്യ അതിവേഗം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ (9) രോഹിതിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് കുല്‍ദീപിന്റെ സ്പിന്‍കരുത്തിന് മുന്നില്‍ കാലിടറുകയായിരുന്നു.  ജേസണ്‍ റോയിയും (38) ജോണി ബെയര്‍സ്‌റ്റോയും (38) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 73 റണ്‍സാണ് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് കൂടുതല്‍ അപകടം സൃഷ്ടിക്കും മുമ്പേ കുല്‍ദീപ് യാദവ് റോയിയെ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ട് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. മുന്‍ നിരയില്‍ ജോ റൂട്ടിനെയും (3) ബെയര്‍സ്‌റ്റോയിനെയും ചെറിയ ഇടവേളകളില്‍ കൂടാരം കയറ്റിയ കുല്‍ദീപ് മല്‍സരം ഇന്ത്യക്ക് അനുകൂലമാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റിലൊത്തുകൂടിയ ബെന്‍സ്റ്റോക്‌സ് (50), ജോസ് ബട്‌ലര്‍ (53) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. 93 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എന്നാല്‍ ബട്‌ലറെ മടക്കി വീണ്ടും കുല്‍ദീപ് ഇന്ത്യയുടെ രക്ഷകനായി. അധികം വൈകാതെ സ്റ്റോക്‌സിനെയും ഡേവിഡ് വില്ലിയെയും (1) മടക്കി ഇംഗ്ലണ്ട് മണ്ണില്‍ ആറ് വിക്കറ്റ് നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ഉമേഷ് യാദവ് രണ്ടും യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി കുല്‍ദീപിന് മികച്ച പിന്തുണയേകി. കുല്‍ദീപ് യാദവാണ് കളിയിലെ താരം ജയത്തോടെ മൂന്ന് മല്‍സര പരമ്പയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

RELATED STORIES

Share it
Top