ഇന്ത്യക്കാരി സിന്ധുജ റെഡ്ഡി അമേരിക്കന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ പിച്ചവച്ചു പഠിച്ച സിന്ധുജ റെഡ്ഡി ഇനിമുതല്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീമിനൊപ്പം കളിക്കും. 26 കാരിയായ സിന്ധുജ തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ അമംഗലി സ്വദേശിനിയാണ്. ഹൈദരാബാദിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്ന താരം ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ്.ആഗസ്ത് മാസത്തില്‍ സ്‌കോട്‌ലാന്‍ഡില്‍ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങളോടെ സിന്ധുജ അമേരിക്കന്‍ വനിതാ ടീമിനൊപ്പം ചേരും. 2020 ല്‍ നടക്കുന്ന വനിതാ ലോകകപ്പില്‍ അമേരിക്കയ്ക്ക് വേണ്ടി ഇറങ്ങാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് താരമുള്ളത്. ഹൈദരാബാദിലാണ് സിന്ധുജ പഠിച്ചത്. ഹൈദരാബാദ് അണ്ടര്‍ 19 വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു.ബി ടെക്, എം ബി എ ബിരുദധാരിയായ സിന്ധുജ വിവാഹത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. സിദ്ധാര്‍ഥ് റെഡ്ഡിയാണ് സിന്ധുജയുടെ ഭര്‍ത്താവ്. വിവാഹശേഷം പ്രൊഫഷണല്‍ ക്രിക്കറ്റ് ഏതാണ്ട് നിര്‍ത്തിയ സിന്ധുജയ്ക്ക് അമേരിക്കന്‍ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ ചില ലോക്കല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളാണ് സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. മകള്‍ക്ക് അമേരിക്കന്‍ ദേശീയ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് അച്ഛന്‍ സ്പര്‍ധര്‍ റെഡ്ഡി കാണുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മകള്‍ ക്രിക്കറ്റില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു. ലക്ഷ്മി റെഡ്ഡിയാണ് സിന്ധുജ റെഡ്ഡിയുടെ അമ്മ.

RELATED STORIES

Share it
Top