ഇന്ത്യക്കാരന്റെ കൊലപാതകംയുഎസ് മുന്‍ നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ യുഎസ് നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 52കാരനായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അദം പുരന്‍ടണിനെയാണു ശിക്ഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.
യുഎസിലെ കന്‍സാസ് സിറ്റിയിലെ ഒരു ബാറില്‍ വച്ചാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദം പുരന്‍ടണ്‍ ശ്രീനിവാസിനെ വെടിവച്ചു കൊലപ്പെടുത്തിയത്. വംശീയവിദ്വേഷമാണ് കൊലപാതക കാരണം. എന്റെ രാജ്യത്തിനു പുറത്തു പോവൂ എന്നാക്രോശിച്ചാണ് ഇയാള്‍ 32കാരനായ ശ്രീനിവാസിനും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നേര്‍ക്കു വെടിയുതിര്‍ത്തത്. വെടിയേറ്റ ശ്രീനിവാസ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്. സുഹൃത്ത് അലോക് മഡസാനി പരിക്കുകളോടെ രക്ഷപ്പെട്ടു. ആക്രമണം തടയാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ ഇയാന്‍ ഗ്രിലോട്ട് എന്നയാള്‍ക്കും പരിക്കേറ്റിരുന്നു.
കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തവും കുച്ചിബോട്‌ലയുടെ സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ചതിന് 165 വര്‍ഷം തടവും പ്രതി അനുഭവിക്കണം. കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് കേസില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്. പരമാവധി ശിക്ഷ ലഭിച്ച പുരന്‍ടണിന് പരോളിന് അനുമതി ലഭിക്കണമെങ്കില്‍ 50 വര്‍ഷം തടവില്‍ കിടക്കണം. വിദ്വേഷപ്രകടനം, ആയുധ ദുരുപയോഗം എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരേ നിലവിലുണ്ട്.
വിധിയെ ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല സ്വാഗതം ചെയ്തു. വിധിയില്‍ ആശ്വാസമുണ്ടെന്നും വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ സന്ദേശം നല്‍കുന്നതാണ് കോടതിവിധിയെന്നും അവര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top