ഇന്തോനീസ്യ: മരണസംഖ്യ 1600 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ സുനാമിയെയും ഭൂചലനത്തെയും തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1649 ആയി ഉയര്‍ന്നതായി ദേശീയ ദുരന്തനിവാരണ ബോര്‍ഡ് അറിയിച്ചു. അതേസമയം ദുരിതബാധിതര്‍ക്കുള്ള സഹായങ്ങളും രക്ഷാപ്രവര്‍ത്തനവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സുലവേസി ദ്വീപില്‍ രണ്ടു തവണയാണ് ഭൂചലനമുണ്ടായത്. ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ സുലവേസിയില്‍ 1600ത്തിലധികം ആളുകള്‍ മണ്ണിനടിയില്‍ മൂടപ്പെട്ടതായി അറിയിച്ചിരുന്നു.
സപ്തംബര്‍ 28നു 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 70,000 വീടുകളാണു നശിച്ചത്. ഭൂചലനത്തെ തുടര്‍ന്നു കടലില്‍ തിരമാലകള്‍ ആറുമീറ്റര്‍ ഉയര്‍ന്നു. സുലവേസിയുടെ 800 കിലോമീറ്റര്‍ കടലെടുക്കുകയും ചെയ്തു. അതേസമയം ഭൂചലനത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയപ്പോയവരെ കണ്ടെത്താന്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഫ്രഞ്ച് സംഘവും തിരിച്ചില്‍ നടത്തുന്നു. കൂറ്റന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണു ഫ്രഞ്ച് വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നത്.
മണ്ണിനടിയില്‍ കുടുങ്ങിപ്പോയവരുടെ ശരീരഭാഗങ്ങള്‍ക്കായാണു തിരച്ചില്‍. പാലുവിലെ നഗരങ്ങളില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. മൃതദേഹങ്ങള്‍ അഴുകി രോഗങ്ങള്‍ പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതായും രക്ഷാപ്രവര്‍ത്തകര്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂചലനത്തിലും സുനാമിയിലും പെറ്റോബോ, ബാലറോ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും നശിച്ചു. പാലുവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതും വൈകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഇവിടെ പാര്‍ക്കുകള്‍ അഭയാര്‍ഥി ക്യാംപുകളാക്കിയിരിക്കുകയാണ്.

RELATED STORIES

Share it
Top