ഇന്തോനീസ്യയില്‍ സുനാമിയും ഭൂകമ്പവും; മരണം 800 കവിഞ്ഞു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപില്‍ ഉണ്ടായ സുനാമിയിലും ഭൂകമ്പത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 800 കവിഞ്ഞു. ഇതുവരെ 832 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്തബാധിത മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതലാവാനും വര്‍ധിക്കാനും സാധ്യതയുണ്ട്.
പലു നഗരത്തില്‍ സുനാമിയില്‍ തകര്‍ന്ന രണ്ടു ഹോട്ടലുകളുടെയും ഷോപ്പിങ് മാളിന്റെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ പെട്ടുപോയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നഗരത്തിലെ റോവ റോവ ഹോട്ടലിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട ഒരു യുവതിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ഡെറ്റിക് റിപോര്‍ട്ട് ചെയ്തു. ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 60ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റോവ റോവ അധികൃതര്‍ പറഞ്ഞു. തകര്‍ന്ന ഷോപ്പിങ് മാളിനു സമീപം കാണാതായ ഉറ്റവരെ തിരഞ്ഞ് നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.
പലു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, മറ്റു മേഖലകളിലും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിരിക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. പലുവിന് വടക്ക് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോട് ചേര്‍ന്ന ദോന്‍ഗ്ഗാല പ്രദേശത്ത് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം ജനസംഖ്യയുള്ള മേഖലയാണ് ദോന്‍ഗ്ഗാല.
കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരക്കണക്കിനു പേര്‍ എന്ന നിലയില്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ഇന്തോനീസ്യന്‍ വൈസ് പ്രസിഡന്റ് ജസുഫ് കല്ല പറഞ്ഞു. ആദ്യഘട്ടത്തില്‍ വിലയിരുത്തിയതിനേക്കാള്‍ വലുതാണ് ദുരന്തബാധിത പ്രദേശങ്ങളുടെ വ്യാപ്തിയെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രോഹോ പറഞ്ഞു. നാലു ജില്ലകളെയാണ് സുനാമി ബാധിച്ചത്. ഇതില്‍ പലുവിലേക്ക് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യക്ഷമമായി ഇടപെടാന്‍ സാധിച്ചതെന്നും നുഗ്രോഹോ പറഞ്ഞു.

RELATED STORIES

Share it
Top