ഇന്തോനീസ്യയില്‍ മരണം 400 ആയി

ജകാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 384 മരണം. നിരവധി പേര്‍ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഇന്തോനീസ്യന്‍ ദുരന്തനിവാരണ സേന അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല.തിരമാലകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. സുനാമിയില്‍ 400ലധികം പേര്‍ മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും 384 പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചത്.
സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പിന്നീട് ഡൊങ്കാലയിലും പലുവിലും ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ന്ന് ശക്തമായ സുനാമിയും രൂപപ്പെടുകയായിരുന്നു.
കടലോര നഗരമായ മൂന്നര ലക്ഷം ജനസംഖ്യയുള്ള പലുവിലാണ് മരണവും നാശനഷ്ടങ്ങളും കൂടുതല്‍. ഇവിടെ ബീച്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടവരെന്നാണ് കരുതുന്നത്. പലുവില്‍ സുനാമി തിരമാല അടിക്കുന്നതിന്റെയും ജനം ഓടുന്നതിന്റെയും ചിത്രങ്ങള്‍ ഇന്തോനീസ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു.
പലുവിലെ വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി. മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഡോംഗലയുമായി ബന്ധം നഷ്ടപ്പെട്ടതായും ഇവിടെയും സുനാമി അടിച്ചതായും ദുരന്തനിവാരണ വിഭാഗം വക്താവ് സുതോപോ പുവ്വോ നുഗ്രോഹോ അറിയിച്ചു.
ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനീസ്യ. സുലവേസിയുടെ സമീപത്തുള്ള ലോമ്പോക്കി ദ്വീപില്‍ മാസങ്ങള്‍ക്കു മുമ്പുണ്ടായ ഭൂചലനത്തില്‍ 500ഓളം പേര്‍ മരിച്ചിരുന്നു. 2004 ഡിസംബര്‍ 26ന് പടിഞ്ഞാറന്‍ ഇന്തോനീസ്യയിലെ സുമാത്ര ദ്വീപിലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലായി 2.26 ലക്ഷം പേര്‍ മരിച്ചിരുന്നു.RELATED STORIES

Share it
Top