ഇന്തോനീസ്യയില്‍ ഭൂചലനം; 14 മരണം

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലംബോക്ക് ദ്വീപില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 14 പേര്‍ മരിച്ചു. 160ലധികം പേര്‍ക്കു പരിക്കേറ്റതായാണ് പ്രാഥമിക വിവരം. റിക്റ്റര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഏഴു കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടു.
ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും കൂടുമെന്നാണു വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗുരുതര പരിക്കുകളോടെ 67 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പ്രാദേശിക സമയം 6.30ഓടെയായിരുന്നു ഭൂചലനം.
അതിരാവിലെയാണെന്നതു ഭൂചലനത്തിന്റെ വ്യാപ്തി കൂട്ടി. തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറിയാണു പലരും രക്ഷപ്പെട്ടത്. 20-30 സെക്കന്‍ഡ് നേരമാണു ഭൂകമ്പം തുടര്‍ന്നതെന്നു പ്രദേശവാസികള്‍ പറയുന്നു. നീന്തല്‍ക്കുളങ്ങളില്‍ ഉള്‍പ്പെടെ തിരമാലയടിക്കുന്നതുപോലെ വെള്ളം ഉയര്‍ന്നതോടെ പലരും റിസോര്‍ട്ടുകള്‍ വിട്ടും ഇറങ്ങിയോടി. എന്നാല്‍, സുനാമി മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
ഗ്രാമപ്രദേശങ്ങളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍. ലംബോക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കിമീ മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്പത്തിന്റെ ആഘാതം കൂട്ടി.
ആരംഭത്തില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 60ലധികം  ചെറുപ്രകമ്പനങ്ങളുമുണ്ടായി. 5.7 രേഖപ്പെടുത്തിയ ഭൂചലനവും ഇതിലുണ്ടായിരുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്തോനീസ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിലും എത്തി.

RELATED STORIES

Share it
Top