ഇന്തോനീസ്യയിലെ സുനാമിയും ഭൂമികുലുക്കവും; രണ്ടു ലക്ഷം പേര്‍ക്ക് അടിയന്തര സഹായം വേണം: യുഎന്‍

പലു: സുനാമിയും ഭൂമികുലുക്കവും തകര്‍ത്ത ഇന്തോനീസ്യന്‍ ദ്വീപായ സുലവേസിയില്‍ 91,000 പേര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് യുഎന്‍ റിലീഫ് ഏജന്‍സി. ഇതില്‍ 46,000 കുട്ടികള്‍ ഉള്‍പ്പെടും. 14,000 പേര്‍ വൃദ്ധരാണെ—ന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം സുലവേസിയില്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാംദിവസവും തുടര്‍ന്നു. ആയിരങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ വൈദ്യുതി വിതരണ ശൃംഖലകള്‍ തകര്‍ന്നതും ഇന്ധനക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പലുവിലെ പെട്രോള്‍ പമ്പില്‍ കിലോമീറ്ററുകള്‍ നീളമുള്ള വരിയാണ് രൂപപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ സംസ്‌കാരവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയപ്പെടാതെയാണ് സംസ്‌കരിക്കേണ്ടിവരുന്നത്. ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിറഞ്ഞതിനാല്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ഉടന്‍ തന്നെ സംസ്‌കരിക്കുകയാണ്.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു തിരിച്ചറിയുന്നതിനായി ഫോട്ടോയെടുത്തും വീഡിയോയില്‍ പകര്‍ത്തിയും സൂക്ഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരെ കൂട്ടക്കൂഴിമാടങ്ങളിലാണ് സംസ്‌കരിക്കുന്നത്. പാലു പട്ടണത്തില്‍ മാത്രം 800 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്‌കരിക്കുകയാണ് ചെയ്തത്.
10 മീറ്റര്‍ ആഴത്തിലും 100 മീറ്റര്‍ വിസ്താരത്തിലും തയ്യാറാക്കിയ കുഴിമാടത്തില്‍ 545 മൃതദേഹങ്ങളാണ് ഒന്നിച്ചു സംസ്‌കരിച്ചതെന്ന് ദേശീയ ദുരന്ത പ്രതികരണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂകമ്പത്തിനു പുറമെ കടല്‍ത്തീരത്ത് ആറ് മീറ്റര്‍ വരെ ഉയര്‍ന്നടിച്ച തിരമാലയില്‍ അകപ്പെട്ടും ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇനിയും 1000 മൃതദേഹങ്ങള്‍ കൂടി സംസ്‌കരിക്കാനുണ്ടാവുമെന്നാണു കരുതുന്നതെന്ന് പോലിസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ത്വഹൈര്‍ പറഞ്ഞു.

RELATED STORIES

Share it
Top