ഇന്തോനീസ്യന്‍ സൂപ്പര്‍ സീരീസ് കിരീടം കെ ശ്രീകാന്തിന് ; കിഡംബി കലക്കിജക്കാര്‍ത്ത: ഹോക്കിയെ ദേശീയ കായിക ഇനമാക്കിയ, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന രാജ്യത്തെ കായിക പ്രേമികള്‍ മുഴുവന്‍ ഇന്ത്യാ- പാക് മല്‍സരങ്ങളില്‍ കണ്ണുംനട്ടിരുന്നപ്പോള്‍ അങ്ങ് ജക്കാര്‍ത്തയില്‍ ഒരു ഇന്ത്യന്‍ കായിക താരം ചരിത്രം രചിക്കുകയായിരുന്നു. ഇന്തോനീസ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കിഡംബി ശ്രീകാന്താണ് ചരിത്രത്തിലേക്ക് ചുവടുവച്ചത്. 47ാം റാങ്കുകാരന്‍ ജപ്പാന്റെ കസുമാസ സകായിയെ നേരിട്ടുള്ള സെറ്റുകളില്‍ അടിയറവ് പറയിച്ചാണ് ശ്രീകാന്ത് കപ്പുയര്‍ത്തിയത്. നിലവില്‍ 22ാം റാങ്കുകാരനായ ശ്രീകാന്ത് രണ്ടു സെറ്റുകളിലും ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഏകപക്ഷീയമായ മല്‍സരം 37 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മലയാളി താരം എച്ച് എസ് പ്രണോയിയെ സെമിയില്‍ തോല്‍പിച്ച കസായിക്കെതിരേ ആദ്യ സെറ്റ് ശ്രീകാന്ത് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സകായ് നേരിയ ചെറുത്തു നില്‍പ്പ് ഉയര്‍ത്തി. പക്ഷേ, ശ്രീകാന്തിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ ജപ്പാന്‍ താരം അടിയറവ് പറയുകയായിരുന്നു. സ്‌കോര്‍: 21-11, 21-19. 2014ല്‍ ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് വിജയിച്ച ശ്രീകാന്ത്, 2015ല്‍ ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസിലും ജേതാവായിരുന്നു. ഇത് കിഡംബിയുടെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് വിജയം ആണ്. സൂപ്പര്‍ സീരീസ് കിരീടം നേടിയിട്ടുള്ള ഏക ഇന്ത്യന്‍ പുരുഷ താരം കൂടിയാണ് കെ ശ്രീകാന്ത്. ഇന്തോനീസ്യന്‍ ഓപണ്‍ മെന്‍സ് സിംഗിള്‍സില്‍ കപ്പടിക്കുന്ന ആദ്യ താരമെന്ന റെക്കോഡും ശ്രീകാന്തിന്റെ പേരിലായി. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. വനിതാ സിംഗിള്‍സില്‍ കൊറിയയുടെ ജി ഹ്യൂങ് സങിനെ തോല്‍പിച്ച് ജപ്പാന്റെ സയാകോ സതോ കപ്പടിച്ചു. സ്‌കോര്‍: 21-13, 17-21, 21-14.

RELATED STORIES

Share it
Top