ഇനി ഫോണില്‍ സാധനങ്ങളും തൂക്കാം

ഇനി ഫോണില്‍ സാധനങ്ങളും തൂക്കാം
കച്ചവടക്കാര്‍ സൂക്ഷിക്കൂക. തൂക്കത്തില്‍ കള്ളത്തരം കാണിക്കാന്‍ ഇനി കഴിയില്ല. സാധനം വാങ്ങാന്‍ വരുന്ന ആളുടെ കൈയ്യില്‍ ചിലപ്പോള്‍ ഭാരം തൂക്കാനുള്ള മൊബൈല്‍ ഫോണ്‍ ഉണ്ടാകാം. പോക്കറ്റിലിരിക്കുന്ന മൊബൈല്‍ ഫോണില്‍ ഭാരമറിയാനുള്ള സംവിധാനവുമായി പുതിയ മൊബൈല്‍ ഫോണ്‍ വരുന്നു. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഹുവായിയുടെ പുതിയ മോഡലായ മേറ്റ് എസ് (Huawei Mate S) പുറത്തിറക്കി.

സ്‌ക്രീനിന്‍ മുകളില്‍ എന്തെങ്കിലുമൊരു വസ്തു വച്ചാല്‍ അതിന്റെ ഭാരം സ്‌ക്രീനില്‍ കാണാനാവുമെന്ന പ്രത്യേകതയുണ്ട് ഈ ഫോണില്‍. ബര്‍ലിനിലെ ഐ.എഫ്.എ. പ്രദര്‍ശനവേദിയിലാണ് ഫോണ്‍് പ്രദര്‍ശിപ്പിച്ചത്.
1080 ഃ 1920
പിക്‌സല്‍ റെസല്യൂഷനുള്ള അഞ്ചര ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 2.2 ജിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിങ്ങനെയാണ് ഹാര്‍ഡ്‌വേര്‍ പ്രത്യേകതകള്‍. 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെ കൂടുതല്‍ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഫോണിനുണ്ട്.

'ഫോഴ്‌സ് ടച്ച് ഡിസ്‌പ്ലേ'യാണ് ഫോണിന്റെ പ്രധാനസവിശേഷതയായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. സ്പര്‍ശിക്കുന്ന വിരലിന്റെ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയാണിതെന്ന് വാവേ പറയുന്നു. പിന്‍ഭാഗത്തുളള നാവിഗേഷന്‍ ബട്ടന്‍ ഉപയോഗിച്ചും ഫോണിലെ ഇന്റര്‍ഫേസ് പ്രവര്‍ത്തിപ്പിക്കാനാകും. ഡ്യുവല്‍ടോണ്‍ ഫഌഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് വാവേ മേറ്റ് എസിലുളളത്. ക്യാമറയിലെടുത്ത ചിത്രങ്ങള്‍ പ്രിന്റര്‍ വഴി അച്ചടിക്കാന്‍ സ്മാര്‍ട് വയര്‍ലെസ് പ്രിന്റിങ് ഓപ്ഷനും ഫോണിലുണ്ട്.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2700 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. ഗോള്‍ഡ്, ഗ്രെ, ഷാംപെയ്ന്‍ നിറങ്ങളിലെത്തുന്ന വാവെ മേറ്റ് എസ് സപ്തംബര്‍ 15 ന് മുപ്പതോളം രാജ്യങ്ങളില്‍ വില്പനയ്‌ക്കെത്തും. 732 ഡോളര്‍ (48,300 രൂപ) ആയിരിക്കും വില. സാംസങ് ഗാലക്‌സി നോട്ട് 5, ഐഫോണ്‍ 6 പ്ലസ് എന്നിവയോടായിരിക്കും മാര്‍ക്കറ്റില്‍ മല്‍സരിക്കാന്‍ പോവുന്നത്.

RELATED STORIES

Share it
Top