ഇനി ക്രിക്കറ്റ് പൂരം; തലയും ചിന്ന തലയും കസറിയാല്‍ എളുപ്പമാവില്ല മുംബൈക്ക്


മുംബൈ: 11ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. അവസാന രണ്ട് സീസണിലും വിലക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്ന ചെന്നൈയുടെ തിരിച്ചുവരവ് സീസണ്‍ കൂടിയാണിത്.

കരുത്തോടെ മുംബൈ

നിലവിലെ ജേതാക്കളെന്ന തലക്കനവുമായെത്തുന്ന മുംബൈ ഇന്ത്യന്‍സ് നിര ഇത്തവണയും ശക്തമാണ്. ഐപിഎല്ലില്‍ മൂന്ന് തവണ മുത്തമിട്ട മുംബൈക്കൊപ്പം ലസിത് മലിംഗ ഇത്തവണ ബൗളറായി ഇല്ല. കൂടാതെ മുംബൈയുടെ കരുത്തുറ്റ താരങ്ങളായ ഹര്‍ഭജന്‍ സിങിനെയും അമ്പാട്ടി റായിഡുവിനെയും ഇത്തവണ ടീം നിലനിര്‍ത്തിയില്ല. മികച്ച യുവതാരനിരയും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ നിരയുമാണ് മുംബൈയുടെ ശക്തി.രോഹിത് ശര്‍മ നയിക്കുന്ന മുംബൈ നിരയില്‍ ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബൂംറ എന്നീ സൂപ്പര്‍ താരങ്ങളുമുണ്ട്.  ബാറ്റിങില്‍ ജെ പി ഡുമിനി, മായങ്ക് അഗര്‍വാള്‍, ആദിത്യ താരെ, സൗരവ് തിവാരി, സൂര്യകുമാര്‍ യാദവ് , ഇഷാന്‍ കിഷന്‍, ഇവിന്‍ ലെവിസ് എന്നിവരെയും മുംബൈ ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബൗളിങില്‍ പാറ്റ് കുമ്മിന്‍സ്, ബെന്‍ കട്ടിങ്, അഖില ധനഞ്ജയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരും ഇത്തവണ മുംബൈക്കൊപ്പമുണ്ട്. ഇവരോടൊപ്പം പൊള്ളാര്‍ഡിന്റെയും ഹര്‍ദിക്കിന്റെയും ക്രുണാലിന്റെയും ഓള്‍ റൗണ്ട് പ്രകടനവും കൂടി ചേരുമ്പോള്‍ കരുത്തുറ്റ നിര തന്നെയാണ്  മുംബൈ. മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് മുംബൈയുടെ പരിശീലകന്‍.

ചെന്നൈ രാജാക്കന്‍മാര്‍

ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം വിലക്ക് നേരിട്ട ചെന്നൈ മികച്ച ടീമുമായാണ് തിരിച്ചെത്തുന്നത്. പഴയ ടീമിലെ മിക്ക സൂപ്പര്‍ താരങ്ങളെയും ഈ സീസണിലും ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. എംഎസ് ധോണി എന്ന നായകനൊപ്പം സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെയും ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിനെ ഇത്തവണ ചെന്നൈ നിലനിര്‍ത്തിയില്ല. പകരം മുംബൈ കൈവിട്ട ഹര്‍ഭജനെയും അമ്പാട്ടി റായിഡുവിനെയും ചെന്നൈ ടീമില്‍ എത്തിച്ചു. മുന്‍ ന്യൂസിസലന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന സ്റ്റീഫന്‍ ഫഌമിങാണ് ചെന്നൈയ്ക്ക് തന്ത്രങ്ങളോതുന്നത്. രണ്ട് തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ചെന്നൈയ്്ക്ക്് ബാറ്റിങ് കരുത്തേകാന്‍ കേദാര്‍ ജാദവ്, മുരളി വിജയ് , ഫഫ് ഡുപ്ലെസിസ്,സാം ബില്ലിങ്‌സ് എന്നിവരും ടീമിലുണ്ട്. ഓള്‍ റൗണ്ടര്‍ നിരയില്‍ ജഡേജയ്‌ക്കൊപ്പം ഷെയ്ന്‍ വാട്‌സണും ചെന്നൈയ്‌ക്കൊപ്പമുണ്ട്. ബൗളിങ് കരുത്തേകാന്‍ ശര്‍ദുല്‍ ഠാക്കൂര്‍, കരണ്‍ ശര്‍മ, ഇമ്രാന്‍ താഹിര്‍, എന്‍ഗിഡി എന്നിവരെയാണ് ചെന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top