ഇനി ഏത് റേഷന്‍ കടയില്‍നിന്നും കാര്‍ഡുടമയ്ക്ക് സാധനം വാങ്ങാം

മലപ്പുറം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പില്‍ വന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനം റേഷന്‍ വിതരണ രംഗത്ത് പ്രാബല്യത്തില്‍വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏത് കാര്‍ഡ് ഉടമയ്ക്കും കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും വാങ്ങാം.
റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയൂ. ഒടിപി, മാനുവല്‍ തുടങ്ങിയ മറ്റ് മാര്‍ഗങ്ങളിലൂടെ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ റേഷന്‍ ഏത് കടയില്‍ നിന്നും വാങ്ങുന്നതിനുള്ള അര്‍ഹത ഉണ്ടായിരിക്കില്ല.
താലൂക്ക്, ജില്ല വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഏത് കാര്‍ഡുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് റേഷന്‍ വിതരണം ചെയ്യുന്നതിന് പൊന്നാനി താലൂക്കിലെ റേഷന്‍ കട ലൈസന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോര്‍ട്ടബിലിറ്റി സൗകര്യം നിഷേധിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ കൂടുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്യേണ്ടിവരുമ്പോള്‍   റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്ക് എത്തിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ, എഎവൈ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ച് ഇപ്പോഴും പല കാര്‍ഡ് ഉടമകളും അനധികൃതമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിഡിഎസ് കണ്‍ട്രോള്‍ ഓഡര്‍ 2015ലെ 3(13) പ്രകാരം അന്തിമ മുന്‍ഗണനാപട്ടിക കാലാകാലങ്ങളില്‍ പുനരവലോകനം ചെയ്ത് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തുന്നതിന് നിയമപരമായി ബാധ്യത ഉള്ളതിനാല്‍ അനര്‍ഹമായി ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്ന എഎവൈ കാര്‍ഡ് ഉടമകള്‍ 30നകം റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി സ്വയം പൊതുവിഭാഗത്തിലേയ്ക്ക് മാറേണ്ടതാണ്. അല്ലാത്തപക്ഷം അവശ്യസാധന നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പെടെയുള്ള കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാവേണ്ടിവരും.
പൊന്നാനി താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച കാര്‍ഡ് ഉടമകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍-9188527393, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍-9188527491, റേഷനിങ് ഇന്‍സ്‌പെക്ടര്‍, എടപ്പാള്‍-9188527800, റേഷനിങ് ഇന്‍സ്‌പെക്ടര്‍, പൊന്നാനി-9188527801, റേഷനിങ് ഇന്‍സ്‌പെക്ടര്‍, പെരുമ്പടപ്പ്-9188527802 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top