ഇനി ഇല്ല നഗരത്തിരക്കില്‍ മുഹമ്മദിന്റെ ആ മുഖം

കാസര്‍കോട്്: നാല് പതിറ്റാണ്ടിലേറെയായി കാസര്‍കോട് നഗരത്തില്‍ സൈക്കിളില്‍ പത്രം വിതരണം നടത്തിയിരുന്ന മുഹമ്മദും യാത്രയായി. ആലിയ ലോഡ്ജ് പരിസരത്ത് തന്റെ സൈക്കിള്‍ നിര്‍ത്തി വിവിധ പത്രങ്ങളുടെ കെട്ടുകളുമായി നാല് പതിറ്റാണ്ടിലേറെയായി ഇദ്ദേഹം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും പുലര്‍ച്ചെ തന്നെ എത്തുമായിരുന്നു. ആലിയ ലോഡ്ജിന്റെ പരിസരത്തുള്ള സ്ഥലത്താണ് തന്റെ സൈക്കിള്‍ നിര്‍ത്തിയിടുന്നത്. എത്ര തിരക്കേറിയ സമയത്തും സൈക്കിളില്‍ തന്നെ സഞ്ചരിക്കുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. തേജസ് അടക്കമുള്ള പത്രത്തിന്റെ വിതരണക്കാരനായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചുമാസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഭാതപത്രങ്ങള്‍ വിതരണം ചെയ്യാനായി ഇദ്ദേഹം ആറ് മണിയോടെ ടൗണിലെത്തും. ഉച്ചയ്ക്ക് ശേഷമുള്ള ചില സായാഹ്ന പത്രങ്ങളും വിതരണം ചെയ്ത ശേഷമാണ് മുഹമ്മദ് തിരിച്ചുപോകാറുള്ളത്. നഗരത്തിലെ മിക്ക കടകളിലും ഇദ്ദേഹമാണ് പത്രങ്ങള്‍ വിതരണം ചെയ്തിരുന്നത്. മുഹമ്മദിന്റെ നിര്യാണത്തോടെ പഴയകാലത്തെ കാസര്‍കോടിന്റെ ഒരു മുഖമാണ് നഷ്ടമായത്.

RELATED STORIES

Share it
Top