ഇനി ആഫ്രിക്കന്‍ അഗ്നിപരീക്ഷ

കേപ്ടൗണ്‍: വമ്പന്‍ പ്രകടനങ്ങളോടെ 2017 അവസാനിപ്പിച്ച ഇന്ത്യക്ക് പുതുവര്‍ഷാരംഭത്തില്‍ ഇന്നു മുതല്‍ ആഫ്രിക്കന്‍ അഗ്നി പരീക്ഷ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് മുതല്‍ ദക്ഷിണാഫ്രിക്കയിലെ ന്യൂലാന്റ്‌സില്‍ നടക്കും.


ഇന്നു ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രമേ കോഹ്‌ലിക്കും സംഘത്തിനുമുള്ളൂ. സന്ദര്‍ശന സ്ഥലത്ത് ടെസ്റ്റ് പരമ്പര ജയിക്കാന്‍ കഴിയില്ല എന്ന  നാണക്കേട് മാറ്റുക.  1992 ല്‍ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തേക്കു മടങ്ങിയെത്തിയ ശേഷം ഇവിടെ നടന്ന ആറു ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഈ തലവര മാറ്റാനാണ് ഇന്ത്യന്‍ ടീം ഇന്ന് കേപ്ടൗണ്‍ സ്റ്റേഡിയത്തിലിറങ്ങുന്നത്. 17 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച ഇന്ത്യയ്ക്ക് വെറും രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 2015ല്‍ ഇന്ത്യയില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നേടിയ 3-0 ന്റെ വിജയം ഇന്ത്യ്ക്ക് ആത്മവിശ്വാസത്തിന് വക നല്‍കുന്നുണ്ട്.
തുടര്‍ച്ചയായി 10 പരമ്പരകള്‍ സ്വന്തമാക്കി ലോകം ഓര്‍മിച്ചെടുക്കുന്ന ചരിത്രനേട്ടം സ്വന്തമാക്കുകയെന്നതാണ് കോഹ്ലിക്കൂട്ടത്തിന്റെ മറ്റൊരു ലക്ഷ്യം. ശ്രീലങ്കക്കെതിരായ പരമ്പര വിജയത്തോടെ തുടര്‍ച്ചയായ ഒമ്പത് പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പരമ്പര വിജയത്തോടെ തുടര്‍ച്ചയായ 10 പരമ്പരകള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന അപൂര്‍വ റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കാനാണ് ഇന്നു പാഡണിയുന്നത്.

ബാറ്റിങില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
ബൗളിങ്ങിനേക്കാള്‍ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ കരുത്ത്. ഈയിടെ ഇന്ത്യ ജയിച്ച മിക്ക പരമ്പരകളിലും ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. കൂടാതെ  നീലപ്പട ജയിച്ചതില്‍ കൂടുതലും ബാറ്റിങ് പിച്ചുകളിലായിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡില്‍ 13 പേരും 2013-14 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ്. ആശങ്കകള്‍ക്ക് വിരാമമിട്ട് കാലിന് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ശിഖര്‍ ധവാന്‍ തിരിച്ചു വന്നതും ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.
കോഹ്‌ലിയും പൂജാരയും രഹാനെയും മികച്ച പ്രകടനമാണ് മുമ്പ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാഴ്ച വച്ചത്. 1996-97 ടെസ്റ്റ്് പരമ്പരയില്‍ രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി മൂവരും തങ്ങളുടെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഫോം കണ്ടെത്തിയിരുന്നു. അന്ന് പൂജാര 280 റണ്‍സും കോഹ്‌ലി 272 റണ്‍സും രഹാനെ 209 റണ്‍സുമെടുത്ത് ഇന്ത്യയ്ക്ക് നെടുംതൂണായി നിന്നു. താരവിവാഹവും അതിനോടനുബന്ധിച്ചുള്ള ഹണിമൂണും കഴിഞ്ഞ് വരുന്ന കോഹ്‌ലി തന്നെയായിരിക്കും ഇന്ത്യയുടെ ബാറ്റിങ് പടയുടെ കുന്തമുന.
വിദേശ പിച്ചുകളില്‍ ഇന്ത്യ ഏറെ ആശ്രയിക്കുന്ന സ്പിന്നറായ രവീന്ദ്ര ജഡേജ വൈറല്‍ പനി മൂലം ആദ്യ മല്‍സരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക തലവേദന സൃഷ്ടിക്കുന്നുണ്ട്. പകരം അശ്വിന്‍ തന്നെയായിരിക്കും സ്പിന്‍ നിരയില്‍ അവസാന 11ല്‍ ഇടം പിടിക്കുക. ദക്ഷിണാഫ്രിക്കന്‍  വേഗപ്പിച്ചിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. അതിന് ഒരുങ്ങി ത്തന്നെയാണ് ഇന്ത്യ സ്‌ക്വാഡിനെ വിന്യസിപ്പിച്ചതും. മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്താനാണ് സാധ്യത. അതിനിടയില്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് കരുത്തേകും. പേസ് പടയെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ താരങ്ങളായ ഭൂവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷാമിയുടെയും ഇശാന്ത് ശര്‍മയുടെയും ബൗളിങ് പ്രകടനത്തെ ആശ്രയിച്ചായിരിക്കും  ബൗളിങ് തന്ത്രങ്ങള്‍ മെനയുന്നത്. അതിനിടയില്‍ ടീമില്‍ ഏറെക്കുറെ സ്ഥനമുറപ്പിച്ച ആര്‍ അശ്വിന്റെ പരിചയസമ്പത്തും ടീമിന് ഏറെ ഗുണം ചെയ്യും. ഇതിന് മുമ്പും തന്റെ റിട്ടേണ്‍ സ്പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സമാന്‍മാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇന്ത്യയുടെ ഈ ഓഫ് സ്പിന്നര്‍.

ഇന്ത്യന്‍ കുതിപ്പിന് തടയിടാന്‍ ആതിഥേയര്‍
സ്വന്തം കാണികളുടെ പിന്‍ബലമുള്ള ദക്ഷിണാഫ്രിക്ക കരുത്തരാണ്. ഈയിടെ സിംബാബ്‌വെക്കെതിരേ നടന്ന ചതുര്‍ ദിന ടെസ്റ്റ് മല്‍സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് അവര്‍ വിജയം കൈപിടിയിലൊതുക്കിയത്. ഡെയ്ല്‍ സ്റ്റെയ്‌നും, വെര്‍ണോന്‍ ഫിലാന്‍ഡറും, കഗീസോ റബാദയും പോലുള്ള ലോകത്തിലെ തന്നെ മികച്ച പേസര്‍മാരുടെ നിര തന്നെയുണ്ട് അവര്‍ക്ക്.  തീ പാറും പന്തുകളാണ് ദക്ഷിഫാഫ്രിക്കന്‍ ബൗളര്‍മാരില്‍ നിന്നും പുറത്ത് വരുന്നത്.
രണ്ടു വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച താരങ്ങളുമായാണ് ഇന്ന് ആതിഥേയര്‍ കളത്തിലിറങ്ങുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം കളിക്കളത്തില്‍ നിന്ന് വിട്ടു മാറിയ എബി ഡിവില്ലേഴ്‌സ് തിരിച്ചെത്തിയതും ദക്ഷിണാഫ്രിക്കന്‍ നിര്ക്ക് ഊര്‍ജം പകരുന്നു.
ദക്ഷിണാഫ്രിക്ക സാധ്യതാ ടീം: ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, ഹാംഷിം അംല, എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഫഫ് ഡു പ്ലെസിസ്(ക്യാപ്റ്റന്‍), ടെംബ ബവുമ, ക്രിസ് മോറിസ്/ ആന്‍ഡൈല്‍ പെഹ്ലുകായോ, വെര്‍ണോന്‍ ഫിലാന്‍ഡര്‍, കഗീസോ റബാദ, കേശവ് മഹാരാജ്, മോര്‍ണെ മോര്‍ക്കല്‍.
ഇന്ത്യ സാധ്യതാ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇശാന്ത് ശര്‍മ.

RELATED STORIES

Share it
Top