ഇനിയും മൗനം പാലിച്ചാല്‍ ചരിത്രം മാപ്പു തരില്ല

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ജഡ്ജിയായ കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചു. സുപ്രിംകോടതിയുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലായിരിക്കുകയാണെന്നും ഇനിയും മൗനം പാലിച്ചാല്‍ ചരിത്രം നമുക്കു മാപ്പുതരില്ലെന്നും കത്തില്‍ കുര്യന്‍ ജോസഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കത്ത്.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് കര്‍ണന്‍ കോടതിയെ വെല്ലുവിളിച്ചപ്പോള്‍ ആ വിഷയം കൈകാര്യം ചെയ്യാനായി സമ്പൂര്‍ണ ബെഞ്ച് വിളിച്ചുചേര്‍ത്തത് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അതിനേക്കാള്‍ ഗൗരവമുള്ളതാണ്. സുപ്രിംകോടതിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. സ്വന്തം ജഡ്ജിമാരുടെ കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാത്ത സുപ്രിംകോടതിയുടെ അന്തസ്സും ആദരവും ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടുപേരെയും ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നുമാസമായിട്ടും  കേന്ദ്രസര്‍ക്കാര്‍ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. ഇത്തരമൊരു സംഭവം സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തു പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഏഴംഗ ബെഞ്ച് രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കത്തിന്റെ പകര്‍പ്പ് സുപ്രിംകോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top