ഇനിയും ബിജെപിയെ തുണയ്ക്കണോ?

സന്ദീപ് പാണ്ഡേ

നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിലേറിയിട്ട് മൂന്നര വര്‍ഷത്തിലധികമായി. വിദ്യാസമ്പന്നരായ ഇടത്തരക്കാരുടെ, പ്രത്യേകിച്ച് സവര്‍ണ ജാതിക്കാരുടെ ഇഷ്ട പാര്‍ട്ടിയായിരുന്നു ബിജെപി. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയായിരുന്നു. ജാതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിന് അറുതിവരുമെന്നും അഴിമതി ഇല്ലാതാവുമെന്നും അവര്‍ പ്രതീക്ഷിച്ചു. ദേശീയതയുടെ രാഷ്ട്രീയം സ്വീകരിക്കാന്‍ അവര്‍ യുവാക്കളോട് ആവശ്യപ്പെട്ടു. രാജ്യം ശക്തിപ്പെടുമെന്നും അതിന്റെ കഴിഞ്ഞകാല പ്രൗഢിയിലേക്കു തിരിച്ചുവരുമെന്നും അവര്‍ ആശിച്ചു. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ നായകനായി മോദി മാറുമെന്നും അവര്‍ വിചാരിച്ചു. എന്നാല്‍, ഇക്കാലയളവില്‍ എന്തു മാറ്റമാണ് രാജ്യത്ത് ഉണ്ടായത്? കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ജനങ്ങള്‍ കൊല്ലപ്പെടുന്നതിനുള്ള കാരണങ്ങള്‍ പെരുകുകയും ചെയ്തു. മുമ്പ് കര്‍ഷകരുടെ ആത്മഹത്യകളും പോഷകാഹാരക്കുറവും ഒക്കെയായിരുന്നു ജനങ്ങളുടെ മരണത്തിനുള്ള കാരണങ്ങള്‍. അവയിലൊരു കുറവുമുണ്ടായില്ല. മുമ്പത്തേക്കാള്‍ ഒട്ടും ശ്രേയസ്‌കരമല്ലാത്ത രീതിയിലാണ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്. മാട്ടിറച്ചി ഉപയോഗിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍, കാലികളെ കൊണ്ടുപോവുന്നതിന്റെ പേരില്‍, ഇതര ജാതി-മതസ്ഥര്‍ തമ്മിലുള്ള വിവാഹത്തിന്റെ പേരില്‍ (മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണെങ്കില്‍ പ്രത്യേകിച്ചും), വീട്ടിനുള്ളില്‍ ശുചിമുറിയില്ലാത്തതിനാല്‍ പുറത്ത് മലവിസര്‍ജനം ചെയ്തതിന്, ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീരാം എന്നിവ വിളിക്കാത്തതിന്- ഇതിനൊക്കെ ജനങ്ങള്‍ കൊല ചെയ്യപ്പെടുകയാണ്. ഹൈന്ദവ ദര്‍ശനത്തിന് എതിരാണിത്. ഹിന്ദുത്വ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നവരോ മോട്ടോര്‍ സൈക്കിളില്‍ എത്തുന്ന ഗുണ്ടകളോ ആണ് ഇത്തരം കൊലപാതകത്തിനു പിന്നില്‍. നാനാത്വത്തില്‍ ഏകത്വം എന്ന സംസ്‌കാരം നിലനിന്നിരുന്ന 2014നു മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയില്‍ നിന്നു തികച്ചും വിഭിന്നമാണ് ഇന്നത്തെ സ്ഥിതി. രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മതമായ ഹിന്ദുമതം സഹിഷ്ണുതയുടെ മതമായാണ് അറിയപ്പെട്ടിരുന്നത്. ആക്രമണത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാണ് ഇന്നു ഹിന്ദുത്വം. സ്വാഭാവികമായി ഉണ്ടായതോ നിര്‍മിക്കപ്പെട്ടതോ ആയ വളരെ ചെറിയ പ്രകോപനത്തിനു പോലും ഹിംസാത്മകമായാണ് ഹിന്ദുത്വര്‍ പ്രതികരിക്കുന്നത്. കുറ്റവാളികള്‍ നടപ്പാക്കുന്ന ശിക്ഷകള്‍ക്ക് നിയമസാധുത നല്‍കുകയാണ് ഭരണകൂടം. ഇത് രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്ത് നടക്കാത്തതാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിക്കുന്ന മൗനമാണ് ഏറ്റവും നികൃഷ്ടമായിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് ഈ നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഈ നീചകൃത്യങ്ങള്‍ നടക്കുന്നത് എന്നാണ്. ഭാരതീയ ജനതാ പാര്‍ട്ടി അഭ്യസ്തവിദ്യരുടെ താല്‍പര്യത്തെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ നരേന്ദ്ര മോദി, സ്മൃതി ഇറാനി, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സംശയം നിലനില്‍ക്കുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. അംഗീകൃത മാര്‍ഗത്തിലൂടെയാണോ അവര്‍ ബിരുദം നേടിയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ പരിഹസിക്കുകയാണ് അവര്‍ ചെയ്തത്. ഭീകരവാദമെന്ന വിഷയം ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്ന നരേന്ദ്ര മോദിയുടെ ഏകപക്ഷീയ നിലപാടിനെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യക്ക് വലിയ വിമര്‍ശനം സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രധാനമന്ത്രിയുടെ വീക്ഷണം ഒട്ടും വ്യത്യസ്തമല്ല. പാകിസ്താനെ ഒരു അപരാധിയായിട്ടല്ല, ഒരു ഇരയായിട്ടാണ് ലോകം കാണുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ്, മ്യാന്‍മര്‍ തുടങ്ങിയ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ചൈനയോട് കൂടുതല്‍ അടുക്കുകയാണ്. അവര്‍ ചൈനയുമായി ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ചെറുകിട രാജ്യങ്ങള്‍ ചൈനയെയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ വിശ്വസിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ ഇതില്‍ കൂടുതല്‍ എന്തു പരാജയമാണ് സംഭവിക്കാനുള്ളത്? നോട്ടു നിരോധനം തീരെ സത്യസന്ധമായിരുന്നില്ല. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അതിവേഗത്തിലാണ് വീണ്ടും വിതരണത്തിനെത്തിയത്. വലിയ നോട്ടുകള്‍ നിരോധിക്കുന്നത് അഴിമതി തടയുമെന്ന വാദം പരാജയമായിരുന്നു. കള്ളപ്പണവ്യാപാരം നിയമാനുസൃതമായതാണ് നോട്ടു നിരോധനത്തിന്റെ ആത്യന്തിക ഫലം. രാജ്യത്തെ അഴിമതിയുടെ പ്രാഥമിക കാരണം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കള്ളപ്പണത്തിന്റെ സ്വാധീനമാണ്. എന്നാല്‍, ഏതെങ്കിലുമൊരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ ഒരു ഓഫിസ് പോലും റെയ്ഡ് ചെയ്ത അനുഭവമില്ല. അതുപോലെ കള്ളപ്പണം കൈവശം വച്ച ഒരു വ്യവസായിയെയോ പ്രമുഖ വ്യക്തിയെയോ തൊട്ടിട്ടുപോലുമില്ല. അഴിമതിയെ സഹായിക്കുന്ന നിലപാടാണ് നരേന്ദ്ര മോദിയുടേതെന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. സത്യസന്ധരായ ജനങ്ങളുടെ വരുമാനം കൂപ്പുകുത്തുകയും പണത്തിനു വേണ്ടി അവര്‍ക്ക് വരിനില്‍ക്കേണ്ടിയും വന്നു. സാധാരണ ജനങ്ങളല്ല, അദാനിയും അംബാനിയുമാണ് നരേന്ദ്ര മോദിയുടെ ഇഷ്ടതോഴന്‍മാര്‍. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ദിവസത്തിനു സദൃശമായാണ് ചരക്കു സേവന നികുതി നടപ്പാക്കിയത്. അര്‍ധരാത്രി പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തു. പക്ഷേ, യാതൊരു ചിന്തയുമില്ലാതെ നടപ്പാക്കിയ ജിഎസ്ടി സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം സര്‍ക്കാര്‍ നിലവിലുള്ളവ ഇല്ലാതാക്കുകയാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് എത്ര അകലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നതിന് ഉദാഹരണമാണിത്. ബിജെപി സര്‍ക്കാര്‍ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു വിദേശ വിമാന കമ്പനി എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു മനഃപ്രയാസവുമില്ല. അടുത്ത് വില്‍ക്കാന്‍ പോകുന്ന പൊതുമേഖലാ സ്ഥാപനം റെയില്‍വേ ആയിരിക്കും. ഈ സര്‍ക്കാര്‍ രാജ്യത്തിനു പുതിയ ആസ്തി സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, മുന്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ചവ വിറ്റുതുലയ്ക്കുകയുമാണ്. ഇതാണ് ഏറ്റവും ഗൗരവമായി കാണേണ്ടത്. പ്രശ്‌നപരിഹാരത്തിനു പുതിയ വഴികള്‍ തേടുന്നതിലാണ് ഒരു സര്‍ക്കാര്‍ കഴിവ് പ്രകടിപ്പിക്കേണ്ടത്; ഉള്ള ആസ്തി ഉപേക്ഷിക്കുന്നതിലല്ല. കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെയാണ് മുന്‍ സര്‍ക്കാര്‍ നിര്‍മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നരേന്ദ്ര മോദി തന്റെ ജന്മദിനത്തില്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. ഉദ്ഘാടനത്തിനു മുമ്പും അന്നും വിവിധ സ്ഥലങ്ങളില്‍ മേധ പട്കറുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെയും അദ്ദേഹം അവഗണിച്ചു. അതേപോലെ, കുടിയൊഴിക്കപ്പെട്ടവരുടെ ആവലാതികള്‍ ഒരിക്കല്‍ പോലും അന്വേഷിക്കാതെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അണക്കെട്ടിന്റെ ഉദ്ഘാടന കര്‍മം ആഘോഷപൂര്‍വം സംഘടിപ്പിച്ചത്. ഗോരക്‌നാഥ് മഠത്തിനു തൊട്ടടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജപ്പാന്‍ മസ്തിഷ്‌ക ജ്വരം പിടിപെട്ട കുഞ്ഞുങ്ങളുടെ ആരോഗ്യത്തേക്കാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ഗണന നല്‍കുന്നത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനാണ്. ഭരണഘടനയിലെ ഏറ്റവും വലിയ നുണയാണ് മതേതരത്വം എന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. ജാതിരാഷ്ട്രീയത്തിനു ബദല്‍ അന്വേഷിക്കുന്നതിനു പകരം ബിജെപി ജാതിയുടെയും മതത്തിന്റെയും വികാരം വളരെ നികൃഷ്ടമായ രീതിയില്‍ ജനങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുകയെന്ന ബോധപൂര്‍വമായ ഉദ്ദേശ്യമാണ് പത്മാവതി സിനിമാ പ്രദര്‍ശനത്തിനെതിരേയുള്ള പ്രതിഷേധം. വിവേചനത്തിനെതിരേ പോരാടാന്‍ പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ജാതിയടിസ്ഥാനത്തില്‍ സംഘടിക്കേണ്ടിവരുന്നു.ബിജെപിയുടെ പ്രത്യയശാസ്ത്ര സംഘടനയായ ആര്‍എസ്എസിനെപ്പറ്റി അറിയാവുന്നവര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ പിന്തുണച്ച അഭ്യസ്തവിദ്യരും ബുദ്ധിജീവികളും ഏതു തരത്തിലുള്ള രാഷ്ട്രമാണ് നമുക്ക് വേണ്ടതെന്നു വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഭീകരതയെന്ന പ്രശ്‌നം ക്ഷണിച്ചുവരുത്തിയ ഗാന്ധിവധത്തിനും ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പ്രത്യയശാസ്ത്രം ഭരണഘടനാ മൂല്യങ്ങളിലൂന്നിയ ആധുനിക രാഷ്ട്രസങ്കല്‍പത്തിലേക്കുള്ള ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമാണെന്നത് തീര്‍ച്ചയാണ്.                                         ിമഗ്‌സാസെ അവാര്‍ഡ് നേടിയ സാമൂഹിക പ്രവര്‍ത്തകനാണ് ലേഖകന്‍. വിവ: കോയ കുന്ദമംഗലം

RELATED STORIES

Share it
Top