ഇദ്‌ലിബ്: യുഎസ് സേനയെ ആക്രമിക്കുമെന്നു റഷ്യ

മോസ്‌കോ: ഇദ്‌ലിബില്‍ ജനാധിപത്യവാദികള്‍ക്കു പിന്തുണ നല്‍കുകയാണെങ്കില്‍ യുഎസ് സേനയുമായി നേരിട്ട് ഏറ്റുമുട്ടലുണ്ടാവുമെന്നു റഷ്യയുടെ ഭീഷണി. ജനാധിപത്യവാദികളുടെ അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ അന്തിമ പോരാട്ടം നടത്തുന്ന സര്‍ക്കാര്‍ സേനയ്ക്കു റഷ്യ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരേയുള്ള ജനാധിപത്യവാദികള്‍ക്കു സഹായവുമായി യുഎസ് നേതൃത്വത്തിലുള്ള സേന രംഗത്തുവന്നു. ഇദ്‌ലിബില്‍ കൂട്ടക്കുരുതിക്കു കാരണമാവുന്ന തരത്തില്‍ രാസായുധ പ്രയോഗം നടക്കുകയാണെങ്കില്‍ അതു തടയാന്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളുടെ സഖ്യസേന നിലയുറപ്പിച്ചിട്ടുണ്ട്. ഇറാഖ്, ജോര്‍ദാന്‍, സിറിയ അതിര്‍ത്തിയില്‍ നിരവധി യുഎസ് സഖ്യസേനാംഗങ്ങളാണുള്ളത്. സായുധപോരാളികളെ യുഎസ് സംരക്ഷിക്കുകയാണെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി. അതേസമയം ഇദ്‌ലിബില്‍ രാസായുധ പ്രയോഗത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പങ്കാളികളാവാന്‍ ജര്‍മനി തീരുമാനിച്ചു. യുഎസ്, ബ്രിട്ടന്‍, ഫ്രഞ്ച് സഖ്യസേനയ്ക്കു പിന്തുണ നല്‍കാന്‍ സേനയെ അയക്കുമെന്നു ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സുല ലിയോണ്‍ പറഞ്ഞതായി ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപോര്‍ട്ട് ചെയ്തു. യുഎസ് സേനാ തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ജര്‍മന്‍ ടൊര്‍നാഡോ ജെറ്റ് വിമാനങ്ങള്‍ അയക്കാനാണു തീരുമാനം. 1990ലെ ബാള്‍ക്കന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണു ജര്‍മനി യുദ്ധമേഖലയിലേക്കു സൈന്യത്തെ അയക്കുന്നത്. സിറിയയില്‍ ആണ്വായുധം പ്രയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാണു ജര്‍മനി ഇടപെടുക. ജര്‍മനി യുഎസ് സഖ്യസേനയില്‍ പങ്കാളികളാവുന്നതോടെ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടിലിലേക്കാണ് എത്തുക.

RELATED STORIES

Share it
Top