ഇത് കോഹ്‌ലിപ്പടയുടെ വിജയം; ആഫ്രിക്കന്‍ മണ്ണില്‍ ചരിത്ര പരമ്പരപോര്‍ട്ട്എലിസബത്ത്: പോര്‍ട്ട് എലിസബത്തില്‍ 73 റണ്‍സ് ജയത്തോടെ ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര. രോഹിത് ശര്‍മയുടെ സെഞ്ച്വറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 42.2 ഓവറില്‍ 201 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യ - യുസ് വേന്ദ്ര ചാഹലിന്റെയും ബൗളിങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ ആറ് മല്‍സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് ശര്‍മയും - ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. തുടക്കം മുതല്‍ ധവാന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ രോഹിത് ശാന്തനായി നിലയുറച്ചു. അവസാന മൂന്ന് മല്‍സരങ്ങളിലും രോഹിതിനെ പുറത്താക്കിയ റബാദയെ ഗാലറിക്ക് വെളിയിലേക്ക് പായിച്ച രോഹിത് പിന്നീട് പഴുതുകള്‍ നല്‍കാതെ മുന്നേറുകയായിരുന്നു.ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അര്‍ധ സെഞ്ച്വറിയിലേക്കടുക്കവെ കഗിസോ റബാദ കൂട്ടുകെട്ട് പോളിച്ചു. 23 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത ധവാനെ കഗിസോ റബാദ ഫെലുക്കുവായോയുടെ കൈകളിലെത്തിക്കുകയായിരുന്നു. ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 7.2 ഓവറില്‍ ഒരു വിക്കറ്റിന് 48 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പവും കൂട്ടുകെട്ട് തുടര്‍ന്ന രോഹിത് മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് മുന്നേറി. രോഹിതിന് പിന്തുയേകി പതിയെ ബാറ്റുവീശിയ കോഹ്‌ലി 54 പന്തില്‍ 36 റണ്‍സ് നേടി നില്‍ക്കെ റണ്ണൗട്ടായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ (8) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രോഹിതുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടായി മടങ്ങി. യുവതാരം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തി. ശ്രേയസിനൊപ്പം കരുതലോടെ ബാറ്റ് വീശിയ രോഹിതിനെ 96 റണ്‍സില്‍ നില്‍ക്കെ ഷംസി കൈവിട്ടുകളഞ്ഞു. റബാദയുടെ പന്തിനെ അപ്പര്‍കട്ടിന് ശ്രമിച്ച രോഹിതിന് പിഴച്ചെങ്കിലും ഷംസിക്ക് പന്ത് കൈയിലൊതുക്കാനായില്ല. തൊട്ടുപിന്നാലെ തന്റെ 17ാം സെഞ്ച്വറിയും രോഹിത് അക്കൗണ്ടിലാക്കി. പിന്നീട് അതിവേഗം റണ്ണുയര്‍ത്താനുള്ള ശ്രമത്തിനിടെ രോഹിത് ശര്‍മ ലൂങ്കി എന്‍ഗിഡിക്ക് മുന്നില്‍ കീഴടങ്ങി. 126 പന്തില്‍ 11 ഫോറും നാല് സിക്‌സറും പറത്തിയ രോഹിതിന്റെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 42.2 ഓവറില്‍ നാല് വിക്കറ്റിന് 236 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ മധ്യനിരയിയില്‍ ഹര്‍ദിക് പാണ്ഡ്യയും (0) എം എസ് ധോണിയും (13) നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 274 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.  നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍ദികിനെ എന്‍ഗിഡി വിക്കറ്റ് കീപ്പര്‍ ക്ലെസന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ധോണിയെയും എന്‍ഗിഡി മടക്കിയതോടെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ഇഴഞ്ഞു. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ (19*) നിര്‍ണായക റണ്‍സുകള്‍ ഇന്ത്യക്ക് സമ്മാനിച്ചു. കുല്‍ദീപ് യാദവ് (2*) പുറത്താവാതെ നിന്നു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂങ്കി എന്‍ഗിഡി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റബാദ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹാഷിം അംല (71) ടോപ് സ്‌കോററായി.ഹെന്റിച്ച് ക്ലാസന്‍ (39), ഡേവിഡ് മില്ലര്‍ 36 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

RELATED STORIES

Share it
Top