ഇത് കോട്ടിട്ടവരുടെ പ്രധാനമന്ത്രി: രാഹുല്‍

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി ഭരണത്തിന്റെ പൊള്ളത്തരങ്ങള്‍ മുഴുവന്‍ തുറന്നുകാട്ടുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കോട്ടും സ്യൂട്ടുമിട്ടവരുടെ മാത്രം പ്രധാനമന്ത്രിയായ മോദി അഴിമതിക്കാരന്‍ കൂടിയാണെന്ന് രാഹുല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പൊള്ളവാഗ്ദാനങ്ങളിലാണ് (ജൂംല) മോദിയുടെ നിലനില്‍പ്പ്. അതിന്റെ ഇരയാണ് ആന്ധ്രപ്രദേശെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നോട്ട്‌നിരോധനം കൊണ്ട് കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതം തകര്‍ത്തു. കോണ്‍ഗ്രസ് ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത നിങ്ങള്‍ എന്തുകൊണ്ടാണ് ഭരണത്തില്‍ കയറിയപ്പോള്‍ ജിഎസ്ടി നടപ്പാക്കിയതെന്നും രാഹുല്‍ ചോദിച്ചു.
മോദി നടത്തിയ എല്ലാ പ്രസംഗങ്ങളിലും പറഞ്ഞത് രാജ്യത്തെ രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ്. ചൈനയില്‍ 24 മണിക്കൂറില്‍ 50,000 പേര്‍ക്കു ജോലി ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ 400 പേര്‍ക്കേ ജോലി ലഭിക്കുന്നുള്ളൂ. സ്യൂട്ടും ബൂട്ടും ധരിച്ച ആളുകളെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും പറയുന്നത്. ചെറുകിടക്കാരെ സര്‍ക്കാര്‍ കൊള്ളയടിക്കുകയും വമ്പന്മാരെ സഹായിക്കുകയുമാണ്. മോദീ, നിങ്ങള്‍ ഇന്ത്യയുടെ കാവല്‍ക്കാരനാണ്. പക്ഷേ, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചപ്പോള്‍ നിങ്ങള്‍ മൗനം ഭജിച്ചു- രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യക്ക് അവരുടെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് ലോകം മുഴുവന്‍ പറയുന്നത്. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. അക്രമികളെ ബിജെപി മന്ത്രിമാര്‍ മാലയിട്ട് സ്വീകരിക്കുന്നു. പക്ഷേ, പ്രധാനമന്ത്രി ഇതുവരെ അതിനെക്കുറിച്ചൊന്നും മിണ്ടിയിട്ടില്ല.
ജനങ്ങള്‍ കൊല്ലപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തോട് മറുപടി പറയുകയെന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. രാജ്യത്ത് ഒരാള്‍ അതിക്രമം കാണിക്കുമ്പോള്‍ അത് വ്യക്തികള്‍ക്കു നേരെയുള്ള ആക്രമണമല്ല മറിച്ച്, ഡോ. ബി ആര്‍ അംബേദ്കര്‍ എഴുതിയ ഭരണഘടനയ്ക്കു നേരെയുള്ള അതിക്രമമാണ്.
പ്രസംഗം അവസാനിപ്പിച്ചശേഷം രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത് സഭയില്‍ നാടകീയരംഗങ്ങള്‍ക്കു കാരണമായി.

RELATED STORIES

Share it
Top