'ഇത് അദ്ഭുതമോ ശാസ്ത്രമോ!?'

ബാങ്കോക്ക്: ഗുഹയില്‍ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ചിരിക്കുന്നു. ഇത് അദ്ഭുതമാണോ ശാസ്ത്രമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ എന്ന് തങ്ങള്‍ക്കു നിശ്ചയമില്ല. ലോകം മുഴുവന്‍ നെഞ്ചിടിപ്പോടെയും പ്രാര്‍ഥനയോടെയും കാത്തിരുന്ന രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം തായ് നേവി ഫേസ്ബുക്ക് പേജില്‍ കുറിച്ച വരികളാണിവ. രണ്ടാഴ്ചയിലധികമായി വെള്ളം നിറഞ്ഞ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ലോകം ഇന്നേ വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഘത്തെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഈ വിജയം. എല്ലാവരെയും പുറത്തെത്തിച്ചതായി നേവി അറിയിച്ചതോടെ രാജ്യത്തെങ്ങും ആഹ്ലാദം അലതല്ലി.
എന്നാല്‍, ഫുട്‌ബോള്‍ ടീം അംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച തായ് നേവിയുടെ മുന്‍ ഡൈവറുടെ ഓര്‍മകള്‍ മ്ലാനത പരത്തി. ഒമ്പതു ദിവസത്തിനു ശേഷം കുട്ടികളെ ജീവനോടെ കണ്ടെത്തിയതു മുതല്‍ മൂന്നു തായ് നേവി അംഗങ്ങളും സൈനിക ഡോക്ടറും ഗുഹയില്‍ കുട്ടികള്‍ക്ക് കൂട്ടിരിക്കുകയായിരുന്നു. ഗുഹയില്‍ ഓക്‌സിജന്റെ അളവ്് കുറഞ്ഞതിനെത്തുടര്‍ന്ന് ദൗത്യസംഘത്തിലൊരാള്‍ മരണപ്പെടുകയും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് രക്ഷാ പ്രവര്‍ത്തനത്തിനു ബഡ്ഡി ഡൈവിങ് (വെള്ളത്തിനടിയിലൂടെ കുട്ടികളെയുമെടുത്ത് നീന്തുന്ന രീതി) മാര്‍ഗം തേടിയത്.


ഞായറാഴ്ചയും തിങ്കളാഴ്ചയും പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രഭാത ഭക്ഷണത്തിനു ചോക്കലേറ്റും ബ്രഡ്ഡും ആവശ്യപ്പെട്ടതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആദ്യസംഘത്തിലെ നാലു കുട്ടികള്‍ ആശുപത്രിയിലൂടെ നടന്നു തുടങ്ങിയതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ക്ക് കരളിന് അണുബാധയേറ്റതായി സംശയമുണ്ട്. കുട്ടികളുടെ അടുത്തേക്ക് രക്ഷിതാക്കളെപ്പോലും കടത്തിവിട്ടിട്ടില്ല. അതിനിടെ, ആദ്യം പുറത്തെത്തിച്ച കുട്ടികളെ ജനലിന്റെ ഗ്ലാസ് പാളികള്‍ക്കിടയിലൂടെ രക്ഷിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. ഒരാഴ്ചയോളം കുട്ടികള്‍ നിരീക്ഷണത്തിനായി ആശുപത്രിയില്‍ തുടരും.
സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത സാഹസിക രക്ഷാപ്രവര്‍ത്തനത്തേ അഭ്രപാളിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോളിവുഡ് പ്രവര്‍ത്തകര്‍. അമേരിക്കയില്‍ നിന്നുള്ള രണ്ടു നിര്‍മാതാക്കള്‍ ഇതിനകം തന്നെ സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

RELATED STORIES

Share it
Top