ഇത്തവണയും അപ്പീലുല്‍സവം

കെ പി ഒ റഹ്്മത്തുല്ല

തൃശൂര്‍: അപ്പീലുകള്‍ നിയന്ത്രിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കങ്ങള്‍ പാളുന്നു. സ്‌കൂള്‍ കലോല്‍സവം മൂന്നാംദിനത്തിലേക്കു കടന്നതോടെ ഇതുവരെ എത്തിയത് 1012 അപ്പീലുകളാണ്. വിവിധ കോടതികള്‍, ലോകായുക്ത, ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഉന്നതാധികാര കമ്മിറ്റി എന്നിവകളുടെ വിധികളുമായാണു മല്‍സരാര്‍ഥികള്‍ എത്തുന്നത്. അപ്പീലുകളിലൂടെ 4000ഓളം മല്‍സരാര്‍ഥികള്‍ കൂടുതലായി വേദികളില്‍ കലാപ്രകടനങ്ങള്‍ നടത്താനെത്തും. കലോല്‍സവദിനങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിലാണു സംഘാടകര്‍. ഇനിയുള്ള ദിവസങ്ങളിലും അപ്പീല്‍പ്രവാഹം തുടരുമെന്നു തീര്‍ച്ച. ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ വന്നതു തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നാണ്. യഥാക്രമം 150, 138 എന്നിങ്ങനെ. തിരുവനന്തപുരം 90, മലപ്പുറം 89, കോഴിക്കോട് 95 എന്നിങ്ങനെ പോവുന്നു അപ്പീല്‍ കണക്കുകള്‍. നൃത്തയിനങ്ങളിലാണു കൂടുതല്‍ അപ്പീലുകള്‍. ഇത്തവണ ആദ്യദിനം തന്നെ നാല് വ്യാജ അപ്പീല്‍വിധികളുമായി മല്‍സരാര്‍ഥികളെത്തി. ബാലാവകാശ കമ്മീഷന്റെ പേരിലാണു വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഏജന്റുമാര്‍ വ്യാജ അപ്പീല്‍ വിധികള്‍ സമ്പാദിച്ചു നല്‍കിയത്. അവ വിദ്യാഭ്യാസവകുപ്പ് പിടികൂടുകയും ചെയ്തു. അപ്പീലിലെ ഒറിജിനലിനെയും വ്യാജനെയും വേര്‍തിരിക്കേണ്ട ചുമതല കൂടി അപ്പീല്‍ കമ്മിറ്റിക്ക് വന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ ഇപ്പോഴും അനുവദിക്കുന്നതു ലോകായുക്ത തന്നെ. 486 അപ്പീലുകള്‍ ലോകായുക്ത അനുവദിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നു വിധി സമ്പാദിച്ചിട്ടും അപ്പീല്‍ അനുവദിക്കുന്നതില്‍ ലോകായുക്ത പിശുക്കു കാണിക്കുന്നില്ല. ഡിഡിമാര്‍ അനുവദിച്ചത് 429 അപ്പീലുകളാണ്. അപ്പീല്‍ കമ്മിറ്റി ഓഫിസില്‍ ദിനംപ്രതി തിരക്കേറുകയാണ്. കലോല്‍സവത്തിന്റെ സമയക്രമവും നടത്തിപ്പും താളംതെറ്റിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് അപ്പീലുമായി മല്‍സരിക്കാനെത്തുന്നവരാണ്. ഇതു പരിഹരിക്കാനാണു കലോല്‍സവ മാന്വല്‍ പരിഷ്‌കരണമടക്കമുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് നടത്തിയത്. വിധിനിര്‍ണയം കുറ്റമറ്റതായാല്‍ അപ്പീലുകള്‍ കുറയും. ഇതിനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കുകയുണ്ടായി. മാന്വല്‍ പരിഷ്‌കരണത്തിനു ശേഷമുള്ള ആദ്യകലോല്‍സവം എന്ന നിലയില്‍ തൃശൂരില്‍ അപ്പീലുകളുടെ കാര്യത്തില്‍ കാര്യമായ കുറവുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പ് വഴിയുള്ള അപ്പീലുകള്‍ക്കു കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാം പാളുന്നുവെന്നാണ് ആദ്യദിനത്തിലെ അപ്പീല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ അപ്പീലിലൂടെ മല്‍സരിക്കാനെത്തിയ 42 പേര്‍ എ ഗ്രേഡ് നേടി ജില്ലയിലെ വിജയികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതു വിധിനിര്‍ണയത്തിലെ പാളിച്ചകള്‍ ശരിവയ്ക്കുന്നതാണ്. പണം കെട്ടിവച്ചും ചെലവഴിച്ചുമാണു രക്ഷിതാക്കള്‍ അപ്പീല്‍ നേടുന്നത്.സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിധി നിര്‍ണയത്തിലും അപ്പീലുകള്‍ വരുന്നുണ്ട്. രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 90 അപ്പീലുകള്‍ വന്നിട്ടുണ്ട്. ഹയര്‍ അപ്പീലില്‍ മോഹിനിയാട്ടം, ഭരതനാട്യം എന്നു തുടങ്ങി കാര്‍ട്ടൂണില്‍ വരെ പരാതികള്‍ വന്നിട്ടുണ്ട്. ഇത്തവണ വിധികര്‍ത്താക്കളെ പൂര്‍ണമായും വിജിലന്‍സ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിനു പുറമേ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളും ഇവരെ പിന്തുടരുന്നുണ്ട്. നിഷ്പക്ഷമായ വിധിനിര്‍ണയം ഉറപ്പാക്കിയാല്‍ അപ്പീല്‍ കുറയുമെന്നതു തീര്‍ച്ച. “വിധിയില്‍ പാളിച്ചകളുണ്ടായാല്‍ അപ്പീല്‍ നല്‍കാതെ ഞങ്ങളെന്തു ചെയ്യണം.’ ആലപ്പുഴ ജില്ലയില്‍ നിന്നു മല്‍സരിക്കാനെത്തിയ ഒരു മല്‍സരാര്‍ഥിയുടെ ചോദ്യമാണിത്. ഇത്തവണയും കലോല്‍സവം അപ്പീലോല്‍സവമാകുമെന്ന് ഉറപ്പ്.

RELATED STORIES

Share it
Top