ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ തടയണം

കൊട്ടാരക്കര പൊതുമാര്‍ക്കറ്റിലെ മാംസവ്യാപാരികള്‍ക്കു നേരെ നടന്ന ആര്‍എസ്എസ് ആക്രമണം വമ്പിച്ച ഉല്‍ക്കണ്ഠയ്ക്കും പ്രതിഷേധത്തിനും കാരണമായി. 'ഭിന്നമാം മതങ്ങള്‍ക്കു താവളം' എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തില്‍ അശാന്തി വിതയ്ക്കാന്‍ കാലങ്ങളേറെയായി ഹിന്ദുത്വ വര്‍ഗീയശക്തികള്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. സൗഹൃദത്തോടെ കഴിഞ്ഞുകൂടുന്ന ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ വിഭാഗീയതയും ധ്രുവീകരണവും സൃഷ്ടിച്ചാലേ അവര്‍ക്കു രാഷ്ട്രീയനേട്ടമുണ്ടാക്കാനാവൂ. കേരളത്തെ അസ്വസ്ഥമാക്കാന്‍ അവര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. കര്‍ണാടക ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ അവര്‍ക്ക് മതവൈരവും ജാതിസ്പര്‍ധയും വളര്‍ത്താന്‍ കഴിഞ്ഞുവെന്നത് വാസ്തവം തന്നെ. ഭാഗ്യവശാല്‍ കേരളത്തെ അസ്വസ്ഥബാധിത പ്രദേശമാക്കാനും അതുവഴി അധീശത്വം സ്ഥാപിക്കാനും കഴിഞ്ഞില്ലെന്നതും അത്രതന്നെ യഥാര്‍ഥമായ കാര്യമാണ്. തലശ്ശേരി, നാദാപുരം, മാറാട്, വിഴിഞ്ഞം പോലുള്ള ഏതാനും പ്രദേശങ്ങളിലുണ്ടായ വര്‍ഗീയാസ്വാസ്ഥ്യങ്ങളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഭീവണ്ടിപോലെയോ അഹ്മദാബാദ് പോലെയോ വീണ്ടും വീണ്ടും പിണക്കത്തിന്റെയും ശാത്രവത്തിന്റെയും കാരണമായി വര്‍ത്തിക്കുന്ന വ്രണങ്ങളായി പക്ഷേ, അവ മാറുകയുണ്ടായില്ല. മതപരിവര്‍ത്തനം ആയുധമാക്കിയെടുത്ത് സംഘപരിവാരം നടത്തിയ പരിഹാസ്യമായ പ്രചാരണം തികഞ്ഞ അവജ്ഞയോടെയാണ് കേരളം തള്ളിക്കളഞ്ഞത്. ഡോ. ഹാദിയയുടെ ഇസ്‌ലാമികാശ്ലേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ദുഷ്പ്രചാരണം ഹിന്ദുത്വര്‍ക്കു തന്നെ തിരിച്ചടിയായി മാറുകയായിരുന്നു.
പക്ഷേ, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ക്കും അവ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ജീവരായോ നിസ്സംഗരായോ കഴിയാന്‍ ഇവയൊന്നും കാരണങ്ങളായിക്കൂടാ. കൊട്ടാരക്കരയില്‍ നടന്ന ആക്രമണം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ ദുസ്സൂചനയാണ്. അധഃസ്ഥിതന്റെയും പിന്നാക്കക്കാരന്റെയും ചെറുത്തുനില്‍പ്പുകളുടെ ആത്മചൈതന്യം കൊണ്ട് പ്രകാശിതമായതാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരം. ഒരു കൈയില്‍ വടിയും ചുണ്ടില്‍ ഇടുങ്ങിയ മനസ്സിലുണരുന്ന ചോര ദാഹിക്കുന്ന മുദ്രാവാക്യങ്ങളുമായി കേരളത്തിന്റെ വിരിമാറിലേക്കും അവര്‍ എത്തിക്കഴിഞ്ഞു. തലയും മനസ്സും തരിശായി മാറിയ ഒരു രാഷ്ട്രീയത്തിന്റെ കുഞ്ഞാടുകള്‍ക്ക് അടിയും ഇടിയും കുത്തും വെട്ടുമാണ് ധര്‍മപ്രവര്‍ത്തനം. കേരളം അതിന്റെ സാമൂഹികസ്വത്വം നവീനമായ രാഷ്ട്രീയപ്രയോഗങ്ങള്‍ കൊണ്ട് പൂര്‍വോപരി പ്രസക്തമാക്കിത്തീര്‍ക്കേണ്ട സമയമാണിത്. ഇന്ന് കൊട്ടാരക്കര, നാളെ മറ്റൊരു കര എന്ന അവസ്ഥയുണ്ടാവരുത്. ഇനിയും ഉറങ്ങിയിട്ടില്ലാത്ത നാടിന്റെ കാവലാളുകള്‍ക്ക് ഈ കൂട്ട ആക്രമണത്തില്‍ നിന്ന് ഒരുപാട് രാഷ്ട്രീയപാഠങ്ങള്‍ മനസ്സിലാക്കാനുണ്ട്. ജനാധിപത്യ മതേതരത്വസ്‌നേഹികള്‍ ഒത്തൊരുമിച്ച് ചെറുത്തുനില്‍പ്പിന്റെ ജനകീയമേഖലകള്‍ ഉയര്‍ത്തുകയെന്നതാണ് പരമപ്രധാനമായിട്ടുള്ളത്.
ഇന്ന് ഇന്ത്യയില്‍ മതേതരത്വത്തിന്റെ പച്ചയായ അര്‍ഥം ഹിന്ദുത്വവിരുദ്ധം എന്നുതന്നെയാണ്. ഇതറിയുന്നവരാണ് കേരളീയരില്‍ ഭൂരിഭാഗവും എന്നത് ആശ്വാസകരമാണ്. അവരെ വശീകരിക്കാനുള്ള സംഘപരിവാരത്തിന്റെ കുല്‍സിതശ്രമങ്ങള്‍ക്കെതിരില്‍ എണീറ്റുനില്‍ക്കാന്‍ പ്രബുദ്ധരായ കേരളീയര്‍, നാം സന്നദ്ധരാവേണ്ടതുണ്ട്.

RELATED STORIES

Share it
Top