ഇതുവരെ പ്രളയമുറിവുണങ്ങാതെ പത്തനംതിട്ട

മഹാപ്രളയത്തില്‍ ഭീകരമാംവിധം മുറിവേറ്റ ജില്ലയാണ് പത്തനംതിട്ട. കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന മലയോരജില്ലയുടെ നാലില്‍ മൂന്നുഭാഗവും ആ പ്രഹരം ഏറ്റുവാങ്ങി. 30 മനുഷ്യജീവനുകള്‍ നഷ്ടമായി. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടും കിടപ്പാടവും ഉള്‍െപ്പടെ സര്‍വതും നഷ്ടപ്പെട്ടു. ആഡംബരത്തില്‍ ജീവിച്ചവര്‍പോലും ഒറ്റനിമിഷംകൊണ്ട് ദരിദ്രന്റെ വേദനയറിഞ്ഞു. ഇപ്പോള്‍, രണ്ടുമാസം പിന്നിടുമ്പോഴും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരികെയെത്താനായിട്ടില്ല. വാടകവീടുകളിലും ബന്ധുവീടുകളിലും കഴിച്ചുകൂട്ടുകയാണ് ഇവര്‍.
പ്രളയമെന്നാല്‍ കോഴഞ്ചേരി മല്ലപ്പുഴശ്ശേരി നിവാസികള്‍ക്ക് ഇപ്പോഴും ഭീതിപ്പെടുത്തുന്ന ഓര്‍മകളാണ്. ദുരിതാശ്വാസക്യാംപായ സ്‌കൂളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ 70ഓളം പേരാണ് മച്ചില്‍ അഭയം തേടിയത്. മരണം മുന്നില്‍ കണ്ടതോടെ കൈക്കുഞ്ഞായ മകനെയെങ്കിലും രക്ഷിക്കണമെന്നോര്‍ത്ത് സ്‌കൂളിന്റെ മേല്‍ക്കൂരയിലെ ഉത്തരത്തില്‍ തൊട്ടില്‍ കെട്ടി കുഞ്ഞിനെ കിടത്തിയ മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നിലവിളിയും പ്രാര്‍ഥനയും നിറഞ്ഞുനിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മല്‍സ്യത്തൊഴിലാളികളെത്തിയത്് ഇപ്പോഴും കണ്ണുനിറയുന്ന നന്ദിയോടെയാണ് ഇവര്‍ ഓര്‍ക്കുന്നത്്. റാന്നി, കോഴഞ്ചേരി, ആറന്‍മുള, പന്തളം, ചിറ്റാര്‍, കോന്നി, പമ്പ തുടങ്ങിയ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയ പ്രളയദുരന്തത്തി ല്‍ ഇതിലും ഭീകരമായ അനുഭവകഥകള്‍ നിരവധിയാണ്. മഹാമാരി മഹാപ്രളയമായി വഴിമാറിയൊഴുകിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം കണ്ണീര്‍ക്കടലാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ശക്തമായില്ലായിരുന്നെങ്കില്‍ ഭീകരാവസ്ഥ ഇതിലും വലുതാവുമായിരുന്നു.
പ്രളയം കഴിഞ്ഞ് രണ്ടുമാസമാവുമ്പോഴും ദുരന്തമേഖലയിലെ ജനങ്ങളുടെ കണ്ണീരിനും ആവലാതികള്‍ക്കും ഇനിയും പരിഹാരമായിട്ടില്ല. കയറിക്കിടക്കാന്‍ വീടില്ലാത്തവര്‍, സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട കച്ചവടക്കാര്‍, കടക്കെണിയിലായ കര്‍ഷകര്‍, കുടിവെള്ളംപോലും ലഭിക്കാതെ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുന്നവര്‍. പല മേഖലകളിലും തകര്‍ന്ന വീടുകള്‍ ഇനിയും പുനര്‍നിര്‍മിച്ചിട്ടില്ല. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങ ള്‍ നടന്നുവരുകയാണെന്നാണ് ഭരണകൂടത്തിന്റെ മറുപടി.
വീടു നഷ്ടമായ കുടുംബങ്ങളെല്ലാം ബന്ധുവീടുകളിലും ക്യാംപുകളിലും വാടകക്കെട്ടിടങ്ങളിലുമായി ജീവിതം തള്ളിനീക്കുകയാണ്. 10,000 രൂപയുടെ അടിയന്തര സഹായംപോലും ഇനിയും ലഭിക്കാത്തവരും നിരവധിയാണ്. ജില്ലയിലെ പ്രളയക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട് 109 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
കോഴഞ്ചേരി താലൂക്കിലെ ഇഎച്ച്‌സി കമ്മ്യൂണിറ്റി ഹാളിലെ ക്യാംപില്‍ 23 കുടുംബങ്ങളിലെ 65 പേരും തിരുവല്ല താലൂക്കിലെ കുമ്പനാട് വലിയപള്ളി ഹാളിലുള്ള ക്യാംപില്‍ 17 കുടുംബങ്ങളിലെ 44 പേരുമാണു കഴിയുന്നത്. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ കോഴഞ്ചേരി താലൂക്കിലെ എഴിക്കാട് കോളനിയുടെ അവസ്ഥ വിവരണാതീതമാണ്. 450 കുടുംബങ്ങളുള്ള എഴിക്കാട് കോളനിയിലെ 263 കുടുംബങ്ങളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവിടെ 85 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 139 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുണ്ടായി. 90 ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായി. 16 പശുക്കളും 110 കോഴികളും പ്രളയത്തില്‍ നഷ്ടമായി. ഈ കോളനിയില്‍ മാത്രം അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഇവിടെയുള്ള 13 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലാണു കഴിയുന്നത്. പ്രളയത്തില്‍ കുടിവെള്ളസ്രോതസ്സുകള്‍ മലിനമായതു കാരണം കുടിവെള്ളം ടാങ്കറുകളില്‍ എത്തിച്ചാണ് കോളനിയില്‍ വിതരണം നടത്തുന്നത്.

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്്: എച്ച്് സുധീര്‍

RELATED STORIES

Share it
Top