ഇതും ഇന്ത്യ!

exhi_lands-main


റഫീഖ് റമദാന്‍
യാത്രകള്‍ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. കാടും നാടും ജീവിതങ്ങളും നേരില്‍ കാണാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചേക്കില്ല. എന്നാല്‍, കാഴ്ചകളെ ചൂടോടെ ഒപ്പിയെടുത്ത ഒരു ഫോട്ടോ ജേണലിസ്റ്റ് ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ യാത്രയുടെ അനുഭൂതി പകര്‍ന്നുതരും, ഒട്ടും ചോര്‍ന്നുപോവാതെ. അജീബ് കൊമാച്ചിയുടെ ഹിന്ദുസ്ഥാനി ഫോട്ടോ പ്രദര്‍ശനം കാണുമ്പോള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളിലൂടെയും ചേരിപ്രദേശങ്ങളിലെ നരകജീവിതങ്ങളിലൂടെയും ഒരു നയനപ്രദക്ഷിണം നടത്തിയ അനുഭവമുണ്ടാവുന്നു.

exhi_lands-1
സുഭിക്ഷമായി ഭുജിച്ച് ഏമ്പക്കമിട്ട് അലസമായി കണ്ടു തീര്‍ക്കാവുന്നവയല്ല ഈ ദൃശ്യങ്ങള്‍. ഒരു നേരത്തെ ആഹാരത്തിനു വക തേടി അച്ഛനൊപ്പം ജോലി ചെയ്യുന്ന കുരുന്നുകള്‍, ജീവിതസായന്തനത്തിലും കാലുനീട്ടിയിരിക്കാന്‍ സമയമില്ലാതെ ജോലിയില്‍ മുഴുകുന്ന വാര്‍ധക്യം, രാത്രി 12 മണിക്ക് ഹോട്ടല്‍ പൂട്ടുമ്പോള്‍ ബാക്കിയായ ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മുംബൈയിലെ തെരുവുമനുഷ്യര്‍- ഇതിലെ ഓരോ ചിത്രത്തിനുമുണ്ട് ഓരോ കഥ പറയാന്‍.
റോഡരികില്‍ പായവിരിച്ച് കിടന്നുറങ്ങുന്ന കുടുംബം ഉത്തരേന്ത്യയിലെ ഒരു പതിവു കാഴ്ചയാണ്. കൂടെ പട്ടികളുമുണ്ടാവും. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തെരുവില്‍ കഴിയുന്നത് കൊല്‍ക്കത്തയിലാണ്. ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലമുണ്ടെങ്കില്‍ ഒരു കുടുംബം തന്നെ അവിടെ താമസമാക്കിക്കളയും! അത്തരത്തിലുള്ള കാഴ്ചകളും   ഇതിലുണ്ട്. കാഴ്ച കാണാന്‍ ചെന്ന എന്നെ വല്ലാതെ കോറിയ ചിത്രം ഹതാശയായ ഒരു പെണ്‍കൊടിയുടേതാണ്. മൂന്നു പെണ്‍കുട്ടികളുള്ള ആ കുടുംബത്തിലെ ഒരാള്‍ക്കേ പെരുന്നാളിന് വസ്ത്രമെടുക്കാന്‍ സാധിച്ചുള്ളൂ പിതാവിന്. ആ ഉടുപ്പ് അവര്‍ ഊഴമിട്ടു ധരിക്കുന്നു. രാവിലെ ഒരാള്‍. ഉച്ചയ്ക്ക് രണ്ടാമത്തെയാള്‍. വൈകീട്ട് മൂത്തവള്‍! ഇതാണ് ഉത്തരേന്ത്യ.
ഹൃദയത്തില്‍ കൊളുത്തി വലിക്കുന്ന ഫോട്ടോകളുടെ അടിക്കുറിപ്പുകളും നമ്മെ പിടിച്ചുലയ്ക്കും. ഇന്ത്യക്കാരെല്ലാം സഹോദരന്മാര്‍ എന്നു പറയുന്ന നാം ഈ സഹോദരങ്ങളെ കാണാതെപോവുന്നതെങ്ങനെ എന്ന ചോദ്യമാണ് ഓരോ ഫോട്ടോയും ഉയര്‍ത്തുന്നത്. കീറിപ്പിന്നിയ ഉടുപ്പിട്ട് അലക്കിക്കുളിക്കാന്‍ വെള്ളമുള്ളിടത്തേക്കു പോവുന്ന ബാലികയുടെ ഫോട്ടോയ്ക്കുള്ള അടിക്കുറിപ്പില്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു- 'നമ്മുടെ അലമാരകളില്‍ നാം ഉപയോഗിക്കാത്ത എത്രയോ നല്ല വസ്ത്രങ്ങളുണ്ടായിരിക്കെയാണ് നമ്മുടെ സഹോദരിമാര്‍ ഇങ്ങനെ അര്‍ധനഗ്നരായി നടക്കേണ്ടിവരുന്നത്.' ഗുജറാത്ത് കലാപഭൂമി സന്ദര്‍ശിച്ചപ്പോഴത്തെ അനുഭവം വച്ച് അദ്ദേഹം പറയുന്നു- 'നമ്മുടെ ഉപയോഗിച്ചു പഴകിയ വസ്ത്രങ്ങളല്ല വടക്കേ ഇന്ത്യയിലേക്ക് കൊടുത്തയക്കേണ്ടതെന്ന്.'
'നമ്മുടെ അലമാരകളില്‍ നാം ഉപയോഗിക്കാത്ത എത്രയോ നല്ല വസ്ത്രങ്ങളുണ്ടായിരിക്കെയാണ് നമ്മുടെ സഹോദരിമാര്‍ ഇങ്ങനെ അര്‍ധനഗ്നരായി നടക്കേണ്ടിവരുന്നത്.'

ശൗചാലയമില്ലാതെ റോഡരികില്‍ വിസര്‍ജനം നടത്തേണ്ടിവരുന്ന മനുഷ്യര്‍. അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പറയേണ്ടതില്ലല്ലോ. വൃത്തിഹീനമായ സാഹചര്യങ്ങളിലാണവര്‍ താമസിക്കുന്നത്. കാലമെത്ര മാറിയാലും ഉത്തരേന്ത്യയിലെ കാഴ്ചകള്‍ക്കു മാറ്റമില്ല.

റിക്ഷ വലിച്ചു ഉപജീവനം നടത്തുന്ന പാവങ്ങളെ വേറെ ആരാണ് അടയാളപ്പെടുത്തുന്നത്. അജീബിന്റെ ഫോട്ടോകളിലതു കാണാം. സമ്പന്ന കുടുംബം കൂളിങ് ഗ്ലാസൊക്കെ വച്ച് പത്രാസില്‍ റിക്ഷയിലിരിക്കുമ്പോള്‍ അതു വലിച്ചുകൊണ്ടുപോവുന്ന മധ്യവയസ്‌കന്റെ കണ്ണുകളില്‍ നിസ്സംഗതയാണ്. ഈ ജീവിതത്തില്‍ കൂടുതലൊന്നും നേടാനില്ലെന്ന തിരിച്ചറിവ്. കൊല്‍ക്കത്തയിലെ പതിവു കാഴ്ചയാണിത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയ ചിത്രവും ഹിന്ദുസ്ഥാനി പകര്‍ത്തിവയ്ക്കുന്നു. ബാലവിവാഹവും തുടര്‍ച്ചയായ പ്രസവങ്ങളും പോഷകാഹാരക്കുറവും ചേര്‍ന്നതാണ് വടക്കേ ഇന്ത്യക്കാരിയുടെ ശരീരം. അതിശൈത്യം മൂലം വര്‍ഷവും ആയിരങ്ങളാണ് അവിടെ മരിക്കുന്നത്. നാമെത്ര ഭാഗ്യവാന്മാരാണ്. ഇവിടെ അതിശൈത്യമോ അത്യുഷ്ണമോ ഇല്ലല്ലോ- അജീബ് ചോദിക്കുന്നു.exhi_lands-13
കെട്ടിച്ചയക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിവാഹം സ്വപ്‌നമായി നില്‍ക്കുന്ന യുവതികള്‍. അവരെ കെണിയിലകപ്പെടുത്തുന്ന അന്യസംസ്ഥാനക്കാര്‍. പലര്‍ക്കും നരകയാതനയും പീഡനങ്ങളുമാണ് അന്യ സംസ്ഥാനത്തെ ഭര്‍തൃവീട്ടില്‍ നേരിടേണ്ടിവരുന്നത്. ചോദിക്കാന്‍ ആരുമില്ലല്ലോ.
കടുത്ത ശൈത്യവും ദാരിദ്ര്യവും തളര്‍ത്തുന്ന ഉത്തരേന്ത്യന്‍ സ്ത്രീ, വംശീയ-വര്‍ഗീയ കലാപങ്ങളുടെ ഇര കൂടിയാണ്. അസം വര്‍ഗീയ കലാപത്തില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് സ്‌കൂളിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന പെണ്‍കുട്ടി ഫോട്ടോഗ്രാഫര്‍ ഫഌഷടിച്ചതു പോലും അറിയുന്നില്ല. വീട്ടില്‍ ഭക്ഷണമുണ്ടാക്കലും ചെറിയ കുട്ടിയെ നോക്കലും ബാലികമാരുടെ ഡ്യൂട്ടിയാണ്. സ്‌കൂളും പഠനവുമൊക്കെ സ്വപ്‌നത്തില്‍ പോലുമില്ല! അച്ഛനും അമ്മയും മക്കളും ജോലി ചെയ്താലും ഒന്നും സമ്പാദിക്കാനാവുന്നില്ല.

ajeeb-comachi
ആരോഗ്യരംഗം പറയാനില്ല. ഇവിടെ നമുക്ക് ജലദോഷം വരുമ്പോഴേക്ക് ഫാമിലി ഡോക്ടറെ കാണണം. അവിടെയുള്ള നമ്മുടെ സഹോദരങ്ങളോ? കടുത്ത പനിയുള്ള വൃദ്ധനെ ഏഴു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് സൈക്കിളില്‍ കൊണ്ടുപോകുന്ന കാഴ്ച അജീബിന്റെ പ്രദര്‍ശനത്തില്‍ കണ്ടു. ക്ഷീണം കൊണ്ട് ഇടയ്ക്കിടെ മയങ്ങിവീഴുന്ന വൃദ്ധനും ബാലന്‍സ് നഷ്ടപ്പെടുന്ന സൈക്കിളും വടക്കേ ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ചിത്രമാണ്.EXHI_LANDS-14
ഗ്രാമത്തിലെ കെട്ടിടം പണിക്കിടെ താഴെ വീണ് എല്ലു പൊട്ടിയ യുവാവിനെ വടിവച്ചുകെട്ടിയ മഞ്ചലില്‍ ചുമന്നുകൊണ്ടുപോയി. ശേഷം മെയിന്‍ റോഡിലേക്ക് കാളവണ്ടിയില്‍. ഹെല്‍ത്ത് സെന്ററില്‍ കാണിച്ച് വേദനസംഹാരിയും ഗ്ലൂക്കോസും നല്‍കിയ ശേഷം ദൂരെയുള്ള ആശുപത്രിയിലെത്താന്‍ എട്ടു കിലോമീറ്റര്‍ ദൂരം താണ്ടണം. ആ ചിത്രം വാചാലമായി തോന്നി.
എങ്ങും കൊച്ചുകൊച്ചു തമ്പുകളാണ്. അവിടെ വെവ്വേറെ മുറികളൊന്നുമില്ല. അച്ഛനും അമ്മയും മക്കളും ഭര്‍ത്താവും സഹോദരിയും എല്ലാം ഒരിടത്ത് അന്തിയുറങ്ങുന്നു. ആരോ വരുന്ന ശബ്ദം കേട്ട് എത്തി നോക്കിയ യുവതി കൈക്കുഞ്ഞിനെയുമേന്തി ഒന്നു മന്ദഹസിച്ചു. അപ്പോഴും ആ കണ്ണുകളിലെ നിര്‍വികാരത ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചു.exhi_lands-18
തലയില്‍ ചുമടേന്തി, ചേറില്‍ പണിയെടുത്ത്, തൂമ്പയെടുത്ത് മണ്ണു കിളക്കുന്ന കുട്ടികള്‍. അവര്‍ ജീവിക്കുന്നതും ബാലവേല നിരോധിക്കപ്പെട്ട ഇന്ത്യയിലാണ്. എന്നാല്‍, അടുപ്പ് പുകയണമെങ്കില്‍ അവരും ജോലിക്കു പോയേ മതിയാവൂ. അക്ഷരം എന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍. മൂക്കൊലിപ്പിച്ചുള്ള ആ നോട്ടത്തില്‍ എല്ലാമുണ്ട്. ഉറക്കം വെറും നിലത്ത് സിമെന്റ് ചാക്ക് വിരിച്ച തറയിലാണ്. ബിഹാറിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള കാഴ്ച! ഇത്തരത്തിലുള്ള വിവിധ ദൃശ്യങ്ങളാല്‍ ഹൃദയഭേദകമാണ് ഹിന്ദുസ്ഥാനി. വീട്ടിലെ ബെഡില്‍ സുഖമായി പുതച്ചുറങ്ങുകയല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍?
ഡല്‍ഹിയിലെ ലാല്‍ഖിലയ്ക്കടുത്ത് കൊടും തണുപ്പിനെ അതിജീവിക്കാന്‍ തീകായുന്ന ആള്‍ക്കൂട്ടത്തെ കാട്ടി അജീബ് ചോദിക്കുന്നു- ഇന്ത്യ ലക്ഷക്കണക്കിനു ഡോളര്‍ നല്‍കി വിദേശരാജ്യങ്ങളെ സഹായിക്കുന്ന വാര്‍ത്ത നാം കേള്‍ക്കാറുണ്ടല്ലോ. സ്വന്തം രാജ്യത്ത് വലിയൊരു വിഭാഗം ഇല്ലായ്മയില്‍ കഴിച്ചുകൂട്ടുമ്പോഴാണിത്!
വീട്ടുകാരെ സഹായിക്കേണ്ടിവരുന്നതിനാല്‍ സ്‌കൂളില്‍ പോകാന്‍ അധിക കുട്ടികള്‍ക്കും കഴിയുന്നില്ല. ഒരു നേരത്തെ സൗജന്യ ആഹാരം കിട്ടുമെന്നതുകൊണ്ട് ചില കുട്ടികള്‍ പോവുന്നു. ഒന്നോ രണ്ടോ മണിക്കൂര്‍ സമയത്തേക്ക്. പണമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പോലും ഓട്ടോയിലാണ് സ്‌കൂളിലേക്കു പോവുന്നത്. യൂനിഫോമണിഞ്ഞ് ചിരിച്ചുകാട്ടുന്ന അവരെ കൗതുകത്തോടെ നോക്കുന്ന ബിഹാറിലെ ആരെരിയ ജില്ലക്കാരിയായ ബാലികയുടെ ചിത്രം ചങ്കില്‍ തറയ്ക്കും.
ഇന്ത്യയിലും വിദേശത്തുമായി വിവിധ വിഷയങ്ങളില്‍ ഇതിനകം 4500ഓളം ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അജീബ് കൊമാച്ചി നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഡോക്യുമെന്ററി ഷൂട്ടിങുമായി ബന്ധപ്പെട്ട് 20ലേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അജീബ് പറയുന്നു. ഇന്ത്യ ഡിജിറ്റല്‍ രാജ്യമായി മുന്നേറുമ്പോള്‍ കാനേഷുമാരിയില്‍ പോലും പെടാത്ത ദരിദ്ര ജനവിഭാഗങ്ങളെ അവഗണിച്ചുള്ള വികസനം വീമ്പുപറച്ചില്‍ മാത്രമാവുകയല്ലേ- അദ്ദേഹം ചോദിക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top