ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ആശുപത്രിയില്‍


ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ആശുപത്രിയില്‍. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ സാല്‍ഫഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫെര്‍ഗൂസന്റെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകളുള്ളത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം കോമയിലാണ് എന്ന തരത്തിലുള്ള റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
76കാരനായ ഫെര്‍ഗൂസനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകനായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1986- 2013വരെ യുനൈറ്റഡിന്റെ സുവര്‍ണ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ഫെര്‍ഗൂസനായിരുന്നു. 13 പ്രീമിയര്‍ ലീഗ് കിരീടമുള്‍പ്പെടെ 38 കിരീടങ്ങളാണ് ഫെര്‍ഗൂസനൊപ്പം യുനൈറ്റഡ് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ സ്‌ട്രൈക്കറുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ്് അദ്ദേഹം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ആഴ്ച നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ആഴ്‌സനല്‍ മല്‍സരം കാണാനെത്തിയ ഫെര്‍ഗൂസന്‍ ആഴ്‌സനല്‍ ക്ലബ്ബിനോട് വ്ിടപറയുന്ന ആഴ്‌സന്‍ വെങര്‍ക്ക് ഉപഹാരം സമ്മാനിച്ചാണ് മടങ്ങിയത്. 1985 -1986 സ്‌കോട്‌ലന്‍ഡ് ടീമിന്റെ പരിശീലകനായും ഫെര്‍ഗൂസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top