ഇതില്‍ ആരാണ് ലയണല്‍ മെസ്സി?!ബാഴ്‌സലോണ: ഇതില്‍ ഏതാണ് യഥാര്‍ഥ ലയണല്‍ മെസ്സിയെന്ന് കണ്ടെത്താന്‍ ഒന്ന് തറപ്പിച്ചു നോക്കേണ്ടി വരും. ഇത് മെസ്സിയുടെ മെഴുകു പ്രതിമയാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കും തെറ്റി. ഇറാനിയന്‍ സ്വദേശിയായ റെസ പരസ്‌തേഷാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ രൂപസാദൃശ്യമുള്ള ഈ വ്യക്തി. വിദ്യാര്‍ഥിയായ ഈ 25കാരനെ മെസ്സി ആരാധകര്‍ വിളിക്കുന്നത് ഇറാനിയന്‍ മെസ്സി എന്നാണ്. ഇറാനിലെ ഹമെദാന്‍ സ്വദേശിയായ റെസ ഇപ്പോള്‍ വലിയ തിരക്കിലാണ്. കാണുന്നവര്‍ക്കെല്ലാം ഇദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കണം. മെസ്സിയുടെ ഫോട്ടോയാണെന്ന് തെറ്റിദ്ധരിച്ച്  യൂറോസ്‌പോര്‍ട്ട് എന്ന വെബ്‌സൈറ്റ് റെസയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക വരെയുണ്ടായി. എന്നാല്‍ റെസ ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. ആളുകള്‍ സെല്‍ഫി എടുക്കാന്‍ കൂടിയതോടെ ഗതാഗതം മുടക്കിയതിന് ഇറാനിയന്‍ പോലിസ് റെസക്കെതിരേ കേസെടുത്തു.ഫുട്‌ബോള്‍ ആരാധകനായ റെസയുടെ പിതാവാണ് ഈ പൊല്ലാപ്പിനു കാരണം. ബാഴ്‌സയുടെ 10ാം നമ്പര്‍ ജേഴ്‌സിയിലുള്ള റെസയുടെ ഫോട്ടോ ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റിന് അയച്ചുകൊടുത്തതോടെ റെസയ്ക്ക് പണികിട്ടി. ഫോട്ടോ കണ്ട് വെബ്‌സൈറ്റുകാര്‍ അഭിമുഖം നടത്തി. അഭിമുഖം വൈറലായതോടെ പിന്നീട് നിന്നുതിരിയാന്‍ സമയമില്ലാതെ റെസ വലഞ്ഞു. സംഭവം കൗതുകമായി തോന്നിയതോടെ ഹെയര്‍സ്റ്റൈലും മറ്റും മെസ്സിയുടേത് പോലെ ആക്കി റെസ ശരിക്കും മെസ്സിയെ അനുകരിച്ചു.

RELATED STORIES

Share it
Top