ഇതിലും സുതാര്യമായി എങ്ങനെ നടപ്പാക്കും?

കൊച്ചി: വിഴിഞ്ഞം കരാറിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍, അന്ധമായി വിമര്‍ശിക്കുന്നവര്‍ക്ക് ഈ പദ്ധതി ഇതിലും സുതാര്യമായി എങ്ങനെ നടപ്പാക്കാമായിരുന്നു എന്നതുകൂടി വ്യക്തമാക്കാന്‍ ബാധ്യതയുണ്ടെന്നും ആസൂത്രണ കമ്മീഷന്‍ ഉപദേശകന്‍ ഗജേന്ദ്ര ഹാല്‍ദിയ.
വിഴിഞ്ഞം കമ്മീഷന്‍ മുമ്പാകെ ഇന്നലെ നടന്ന സിറ്റിങിലാണ് ഗജേന്ദ്ര ഹാല്‍ദിയ ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം കരാറിന് ആധാരമായ ആസൂത്രണ കമ്മീഷന്റെ മാതൃകാ കരാറിനു രൂപം നല്‍കിയ വ്യക്തി എന്ന നിലയിലാണ് ഗജേന്ദ്ര ഹാല്‍ദിയ കമ്മീഷനു മുമ്പാകെ ഹാജരായത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പദ്ധതികള്‍ക്കായി വായ്പ നല്‍കുന്നതിനു ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ഭൂമി പണയപ്പെടുത്താനുള്ള വ്യവസ്ഥ വിഴിഞ്ഞം കരാറില്‍ ഉള്‍ക്കൊള്ളിച്ചത്. ബാങ്കില്‍ നിന്ന് 500 കോടി രൂപയുടെ വായ്പയെടുക്കാന്‍ അദാനി ഗ്രൂപ്പ് ഇതേവരെ ഭൂമി പണയപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഇനി അതിനു സാധിക്കില്ലെന്നും ഗജേന്ദ്ര ഹാല്‍ദിയ വിശദീകരിച്ചു. എന്നാല്‍, 15 വര്‍ഷത്തിനുള്ളില്‍ ഏതു ഘട്ടത്തിലും പണയവ്യവസ്ഥ ഉപയോഗിക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയുന്ന വിധത്തിലാണ് കരാറെന്നു കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ നിരീക്ഷിച്ചു. വ്യക്തിപരമായി ആരും കരാര്‍ വ്യവസ്ഥകളില്‍ ഇടപെട്ടിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡിന്റെയും എംപവേര്‍ഡ് കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും കൂട്ടുത്തരവാദിത്തമായിരുന്നു അത്.
ഇനി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കമ്മീഷനു കണ്ടെത്തണമെങ്കില്‍ തന്നെ ആ സ്ഥാനത്തേക്കു പ്രതിഷ്ഠിക്കണമെന്നു ഹാല്‍ദിയ പറഞ്ഞു. മാതൃകാ കരാറില്‍ ഇല്ലാത്ത, ഭൂമി പണയപ്പെടുത്തല്‍ വ്യവസ്ഥ വിഴിഞ്ഞം കരാറില്‍ എങ്ങനെ ഉള്‍പ്പെടുത്തി എന്നതായിരുന്നു കമ്മീഷന്‍ പ്രധാനമായും ഹാല്‍ദിയയില്‍ നിന്നു ചോദിച്ചറിഞ്ഞത്. ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും പദ്ധതിയില്‍ താല്‍പര്യം ജനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നു ഹാല്‍ദിയ വ്യക്തമാക്കിയപ്പോ ള്‍ തങ്ങള്‍ ഇതേവരെ ഈ വ്യവസ്ഥ ഉപയോഗിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. പദ്ധതി തുടങ്ങിയിട്ടേ ഉള്ളൂവെന്നും എപ്പോള്‍ വേണമെങ്കിലും ഭൂമി പണയപ്പെടുത്താവുന്നതാണെന്നും ജോസഫ് മാത്യുവും അഡ്വ. ഹരീഷ് വാസുദേവനും വാദിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതേ കരാര്‍ വ്യവസ്ഥകള്‍ ഉപയോഗിച്ചു നടപ്പാക്കുന്ന വന്‍കിട പദ്ധിതകളെ കുറിച്ച് ഹാല്‍ദിയ വിശദീകരിച്ചു.

RELATED STORIES

Share it
Top