ഇതാ മറ്റൊരു ഇന്ത്യന്‍ വനിതാ കായിക താരത്തിന്റെ കഥ : അണ്ടര്‍ 19 ടീം അംഗമായി പച്ചക്കറി വ്യാപാരിയുടെ മകള്‍പാട്‌ന: ബിഹാറിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് പൂജ സ്വപ്‌നം കണ്ടത് ഇന്ത്യന്‍ കാല്‍പന്ത് ലോകം. മകളുടെ ആഗ്രഹം തന്റേത് കൂടിയായി കണ്ട പച്ചക്കറി വ്യാപാരിയായ റാം ജനത്തിന് തന്റെ ഇല്ലായ്മകള്‍ ഒരു കുറവായിരുന്നില്ല. ഇന്ന്, അണ്ടര്‍ 19 ടീമിന്റെ ജേഴ്‌സി അണിഞ്ഞ പൂജയുടെ നേട്ടത്തിന് പിന്നില്‍ ഏതൊരു ഇന്ത്യന്‍ വനിതാ താരവും തരണം ചെയ്യുന്ന പ്രതിബന്ധങ്ങളുടെ കഥകൂടിയുണ്ട്്. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ പച്ചക്കറി വ്യാപാരിയുടെ മകളായ പൂജാ കുമാരിയാണ് ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി അഭിമാന താരമായത്. ദുബയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുമ്പുള്ള പരിശീലനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പം റായ്ഗഡിലാണ് പൂജ ഇപ്പോഴുള്ളത്. ബിഹാറിലെ ഗാന്ധി സ്‌ക്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പൂജ. ചെറുപ്പം മുതലേ പൂജയ്ക്ക് ഫുട്‌ബോളിനോടുള്ള താല്‍പര്യം മനസ്സിലാക്കിയ മാതാപിതാക്കളായ റാം ജനത്തും സജിനി ദേവിയും മകളെ പഠനത്തോടൊപ്പം ഫുട്‌ബോള്‍ പരിശീലനത്തിനും അയച്ചു. എന്നാല്‍ ഷോര്‍ട്‌സും ടിഷര്‍ട്ടും ധരിച്ച് മകള്‍ പരിശീലനത്തിന് പോവുന്നതിനെതിരേ വളരെ മോശമായ പ്രതികരണങ്ങളാണ് പൂജയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനോടും അമ്മയോടുമൊപ്പം പച്ചക്കറി വ്യാപാരത്തില്‍ സഹായിച്ച് പൂജ തന്റെ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയിരുന്നു. ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് പൂജ തന്റെ പരിശീലനങ്ങളും അഭിമാന നേട്ടവും കൈവരിച്ചതെന്ന് പൂജയുടെ അമ്മ സജിനി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയാവുന്നതിനാല്‍തന്നെ ഇതുവരെ ഒരു നല്ല ബൂട്ട് പോലും വാങ്ങിത്തരാന്‍ അവള്‍ ആവിശ്യപ്പെട്ടിട്ടില്ലെന്നും സജിനി കൂട്ടിച്ചേര്‍ത്തു. കതിഹാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീ റാം സിങ്, കായിക ഓഫീസര്‍ ബ്രിജീഷ് വികല്‍പ്പ് എന്നിവരും പൂജയുടെ നേട്ടത്തിന് പിന്നില്‍ പ്രയത്‌നിച്ചെന്നും പൂജയുടെ അമ്മ സജിനി ഓര്‍മിച്ചു.

RELATED STORIES

Share it
Top